സൗമ്യകേസ്: തിരുത്തൽ ഹരജിയും സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.

സംസ്ഥാന സർക്കാരിന്‍റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ബെഞ്ച് ഹരജി തള്ളാനുള്ള തീരുമാനമെടുത്തത്.

വ്യാഴാഴ്ച ഉച്ചക്ക് ഒന്നര മണിക്കായിരുന്നു കോടതി ഹരജി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അടങ്ങുന്ന ആറ് മുതിർന്ന ജഡ്ജിമാരാണ് തിരുത്തല്‍ ഹര്‍ജി പരിശോധിച്ചത്. ജഡ്ജിമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍ എന്നിവര്‍ക്ക് പുറമേ നേരത്തേ കേസ് പരിഗണിച്ച രഞ്ജന്‍ ഗൊഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

ആറ് പേരും ഒറ്റക്കെട്ടായാണ് ഹരജി തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത്. ഹരജി പരിഗണിക്കാൻ 15 മിനിറ്റ്  സമയം മാത്രമാണ് വിനിയോഗിച്ചത്.

സംശയത്തിന്‍റെ ആനുകൂല്യം കണക്കാക്കിയായിരുന്നു കീഴ്ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്.

ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

നേരത്തേ സമർപ്പിച്ച പുന:പരിശോധനാ ഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് അവസാനശ്രമമെന്ന നിലയില്‍ സംസ്ഥാന സർക്കാർ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Back to top button