അപകടം നടക്കുമ്പോൾ മദ്യപിച്ചിരുന്നില്ല, വാഹനം ഓടിച്ചിരുന്നത് വഫ, ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ

ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി 60 ദിവസത്തേക്ക് കൂടി സർക്കാർ നീട്ടി.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ. വാഹനമോടിച്ചിരുന്ന വഫാ ഫിറോസ് ആയിരുന്നിവെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ ശ്രീറാം പറയുന്നു. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി 60 ദിവസത്തേക്ക് കൂടി സർക്കാർ നീട്ടി.

മദ്യപാനശീലമില്ലാത്തയാളാണ് താനെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നുമാണ് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരണക്കുറിപ്പിൽ അവകാശപ്പെടുന്നത്. മനപൂർവമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടത്തിൽപ്പെട്ട കെ.എം.ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. മദ്യപിച്ചിരുന്നതായ ദൃക്സാക്ഷി മൊഴികൾ തള്ളിക്കളയുന്ന ശ്രീറാം രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. തന്റെ വാദങ്ങൾ കേട്ട്, സർവീസിൽ തിരിച്ചെടുക്കണമെന്നാണ് വിശദീകരക്കുറിപ്പിലെ ആവശ്യം.

ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണക്കുറിപ്പ് പരിശോധിച്ചു. ക്രിമിനൽ നടപടികൾ നേരിടുന്നതിനാലാണ് സസ്പെൻഷൻ 60 ദിവസത്തേക്കുകൂടി നീട്ടിയത്.

ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം സഞ്ചരിച്ച കാർ ഇടിച്ച് കെ.എം.ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാം തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസും വെളിപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് വിശദീകരണത്തിൽ ശ്രീറാമിന്റേത്.

Back to top button