അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു.

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു.

ചൊവ്വാഴ്‍ച രാവിലെ പത്തേകാലോടെയാണ് അമിത് ഷാ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയത്.

ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്.

കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, മംഗളൂരു എംപി നളിൻ കുമാർ കട്ടീൽ, സംഘടനാ സെക്രട്ടറി പി.എൽ. സന്തോഷ് എന്നിവരോടൊപ്പം എത്തി ഷാ പ്രധാന വഴിപാടായ പൊന്നുംകുടം വെച്ച് നമസ്‍കരിച്ചു. അര മണിക്കൂറിനുള്ളില്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്‍തു.

സമയക്കുറവുമൂലം നേരത്തേ തീരുമാനിച്ചതില്‍നിന്ന് വ്യത്യസ്‍തമായി ഉപക്ഷേത്രമായ അരവത്ത് അമ്പലത്തിൽ ദര്‍ശനം നടത്താതെയാണ് അദ്ദേഹം മടങ്ങിയത്.

ജില്ലാ പോലീസ് മേധാവി ശിവ വിക്രം, തളിപ്പറമ്പ് ഡിവൈഎസ്‍പി കെവി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.
ഒക്ടോബര്‍ 17വരെയാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര. എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന സന്ദേശമുയര്‍ത്തിയാണ് യാത്ര.
Back to top button