രാഷ്ട്രീയം (Politics)

അരൂർ സീറ്റ് നഷ്ടപ്പെടാൻ കാരണം പൂതന പരാമർശമല്ലെന്ന് മന്ത്രി ജി സുധാകരൻ.

ബി.ജെ.പി വോട്ട് മറിച്ചതാണ് പരാജയ കാരണമെന്ന് ജി സുധാകരൻ

അരൂർ സീറ്റ് നഷ്ടപ്പെടാൻ കാരണം പൂതന പരാമർശമല്ലെന്ന് മന്ത്രി ജി സുധാകരൻ. അരൂർ സീറ്റ് നഷ്ടപ്പെട്ടതിൽ വലിയ പ്രയാസമുണ്ടെന്നും, ബിജെപി വോട്ട് മറിച്ചതാണ് പരാജയ കാരണമെന്നും ജി സുധാകരൻ പറഞ്ഞു.

“അരൂർ സീറ്റ് നഷ്ടപ്പെട്ടതിൽ വലിയ പ്രയാസമുണ്ട്. ഇങ്ങനെ ഒന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. 35 വോട്ടിന് ജയിക്കുമെന്നായിരുന്നു സ്ഥാനാർത്ഥികളെ നോക്കി നടത്തിയ 15ാം തീയതിയിലെ ഞങ്ങളുടെ അസസ്മെന്റ്. എന്നാൽ ഫലം വന്നപ്പോൾ ബി.ജെ.പിയുടെ പതിനായിരം വോട്ട് കാണുന്നില്ല. അതെവിടെ പോയെന്നത് വ്യക്തമല്ലേ?” മന്ത്രി ചോദിച്ചു.

“ബി.ജെ.പി വോട്ട് ഞങ്ങൾക്ക് കിട്ടില്ല. കേരളത്തിലെ യു.ഡി.എഫിനെ പറ്റി ബി.ജെ.പിക്ക് പരാതിയില്ല. അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പറ്റി ഞങ്ങൾ പറഞ്ഞതിനെ കുറിച്ചാണ് അവർക്ക് വിഷമം ഉണ്ടായിരുന്നത്.”

“ഞാൻ അവരെ(ഷാനിമോൾ ഉസ്മാൻ) പൂതനയെന്ന് വിളിച്ചിട്ടില്ല. ഒരു സ്ത്രീയെയും വിളിച്ചിട്ടില്ല. പൂതനയെന്ന കഥാപാത്രത്തെ പരാമർശിച്ചിരുന്നു. അത് ഒരു സ്ത്രീയെയും ഉദ്ദേശിച്ച് പറഞ്ഞതല്ല. കുടുംബ യോഗത്തിൽ കടന്നുകയറി ചില മാധ്യമപ്രവർത്തകർ അധാർമ്മികമായി നടത്തിയ വ്യാജ പ്രചാരണമാണ് അത്. ആ വീഡിയോ മുഴുവൻ കണ്ടാൽ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് മനസിലാവും. അവർക്കിവിടെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് എന്റെ പരാമർശം ഉയർത്തിക്കൊണ്ടുവന്നത്. യു.ഡി.എഫ് നൽകിയ പരാതി കളക്ടർ തള്ളിയതോടെ ആ പ്രചാരണം അവസാനിച്ചു.”

“അരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി സഹതാപം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം എങ്കിലും കിട്ടേണ്ടതല്ലേ. ഇവിടെ ബി.ജെ.പി വോട്ട് കുറഞ്ഞു. ഞങ്ങളായിരുന്നു ജയിക്കേണ്ട്. കടലോരത്തും കടപ്പുറത്തും അരൂക്കുറ്റിയിലും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വോട്ട് ഞങ്ങൾക്ക് കുറഞ്ഞു. ബി.ജെ.പി എട്ടായിരം മുതൽ പതിനായിരം വോട്ട് വരെ മറിച്ചു. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചത്,” സുധാകരൻ പറഞ്ഞു.

Tags
Back to top button