അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്.

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അറബിക്കടലിൽ ലക്ഷദ്വീപ്, മാലിദ്വീപ് കോമോറിന്ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ഈ അതിതീവ്ര ന്യൂനമർദമാണ് ഇപ്പോൾ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റുന്നതിനായി ക്യാമ്പുകൾ തുറക്കുന്നതിനും നിർദേശം നൽകി.

ന്യൂനമർദ പ്രഭാവമുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടോൾ ഫ്രീ നമ്പറായ 1077-ൽ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Back to top button