ദേശീയം (National)

അറബിക്കടലിൽ രൂപം പ്രാപിച്ച മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു

മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അറബിക്കടലിൽ രൂപം പ്രാപിച്ച മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്. ലക്ഷദ്വീപിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും മഴയുമാണ് ലക്ഷദ്വീപിൽ. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ 90 മുതൽ 140 കിലോമീറ്റർ വരെ വേഗത്തിലേക്ക് എത്താനാണ് സാധ്യത. അടുത്ത 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിലേക്ക് മഹാ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും. ചില സമയങ്ങളിൽ ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. മലയോരമേഖലയിലും, തീരദേശത്തും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം.

എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അത്യാവശ്യങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1077-ൽ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Tags
Back to top button