അശ്ലീല സിഡി വിവാദത്തിൽ പുറത്തായ എ.എ.പി മുൻ മന്ത്രി ബി.ജെ.പി പ്രചരണത്തിന്​

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിന് അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ എ.എ.പി മന്ത്രിയും രംഗത്ത്. ഡല്‍ഹിയിലെ മുന്‍ വനിതാ-ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാറാണ്  ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണത്തിനിറങ്ങിയത്.

നരേലയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സവിത ഖത്രിക്കുവേണ്ടിയാണ് സന്ദീപ് കുമാര്‍ പ്രചരണത്തിനിറങ്ങിയത്. ‘‘സവിതയുടെ ഭര്‍ത്താവ് ഖത്രി അടുത്ത സുഹൃത്തായതിനാലാണ് പ്രചരണത്തിനിറങ്ങിയത്. സുഹൃത്തുക്കളെ താൻ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും. ബി.ജെ.പിയോ ബി.എസ്.പിയോ കോൺഗ്രസോ ഏതു പാർട്ടിയായലും സുഹൃത്തുക്കള്‍ക്കായി താന്‍ എന്തും ചെയ്യു’’മെന്നും സന്ദീപ് കുമാർ പറഞ്ഞു. അതേസമയം, സന്ദീപ് കുമാറിനെ പ്രചരണത്തിനു വേണ്ടി ക്ഷണിച്ചിട്ടില്ലെന്ന് ബി.ജെ.പി അറിയിച്ചു.

അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളുമായാണ് സന്ദീപ് കുമാർ പ്രചരണം നടത്തുന്നത്.  കെജ്രിവാൾ അദ്ദേഹത്തിെൻറ ചൂലുപയോഗിച്ച് ഡല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് എ.എ.പിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ ബിജെപിയി’ലോ മറ്റ് പാർട്ടികളിലോ ചേര്‍ന്നിട്ടില്ലെന്ന് സന്ദീപ് കുമാര്‍ വ്യക്തമാക്കി.
സന്ദീപ് കുമാർ ഉൾപ്പെട്ട അശ്ലീല സിഡി പുറത്തായതിനെ തുടർന്ന് 2016 ആഗസ്റ്റിലാണ് മുഖ്യമന്ത്രി കെജ്‌രിവാള്‍  ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.

1
Back to top button