ആഫ്രിക്കക്കാർക്കെതിരായ ആക്രമണം: ഇന്ത്യ ‘സീനോഫോബിക്​’ ആണോയെന്നത്​ അമ്പരപ്പിച്ചെന്ന്​ സുഷമ

ന്യൂഡൽഹി: വിദേശികൾ ഇന്ത്യയെ സീനോഫോബിക് എന്ന് വിളിക്കുന്നത് അമ്പരപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗ്രേറ്റ് നോയിഡയിൽ ആഫ്രിക്കൻ വംശജർക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് പാർലമെൻറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരത്തിനരികെ വിദേശികൾക്ക് നേരെ നടന്ന ആക്രമണം ക്രിമിനൽ പ്രവർത്തനമാണ്. അതിനെ വംശീയാധിക്ഷേപമെന്ന് വിളിക്കാൻ കഴിയില്ല. വിദേശികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കാനുള്ള നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

അപരിചിതരെയും വിദേശികളെയും വെറുക്കുന്ന “സീനോഫോബിക്’’ ആണ് ഇന്ത്യയെന്ന അവരുടെ പരാമർശം തന്നെ അമ്പരപ്പിക്കുന്നു. നൈജീരിയൻ വിദ്യാർഥികൾക്കെതിരെ നടന്നത് സംഘം ചേർന്നുള്ള ആക്രമണമാണെങ്കിലും അതിനെ വംശീയാധിക്ഷേപമെന്ന് പറയുന്നത് തെറ്റാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തതായും മന്ത്രി പറഞ്ഞു.

നോയിഡയിൽ താമസിക്കുന്ന നൈജീരിയൻ വിദ്യാർഥിയെ ഷോപ്പിങ് മോളിൽ വെച്ച് സ്ററീൽ കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. സ്കൂൾ വിദ്യാർഥി അമിത മയക്കുമരുന്നു ഉപയോഗം മൂലം മരണപ്പെട്ടതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തിനിടെ മൂന്ന് നൈജീരിയൻ വംശജരെ സംഘം ചേർന്ന് മർദിക്കുകയും ചെയ്തിരുന്നു.

1
Back to top button