ആര്‍ച്ചയ്ക്കും ആതിരക്കും ഈ വീട് സ്വന്തം; താക്കോൽ കൈമാറാൻ മഞ്ജുവെത്തി

ആർച്ചയ്ക്കും ആതിരയ്ക്കും തീവണ്ടി കമ്പാർട്ടുമെന്‍റുകളിൽ അന്തിയുറങ്ങേണ്ടി വരില്ല, താക്കോൽ കൈമാറ്റത്തിനായി മഞ്ജു എത്തി. സ്വന്തം വീടെന്ന സ്വപ്നം ഇവർക്ക് യാഥാർത്ഥ്യമാക്കി നൽകിയത് മലയാളത്തിന്‍റെ പ്രിയ നടി മഞ്ജുവാര്യരാണ്. ഇന്ന് രാവിലെ ചേപ്പാട് ഏവൂരിലെത്തിയാണ് മഞ്ജു താക്കോൽ ദാന ചടങ്ങ് നിർവഹിച്ചത്. ഏവൂർ ക്ഷേത്രത്തിന് വടക്ക് പഞ്ചവടി ജങ്ഷന് സമീപത്തായിട്ടാണ് മഞ്ജുവെച്ചു നൽകിയ വീടുള്ളത്. ഷൂട്ടിങ് തിരക്കിലായിരുന്നിട്ട് കൂടി വീടിന്‍റെ പാലുകാച്ചലിനായി മഞ്ജു എത്തിച്ചേരുകയായിരുന്നു.

വിഷുവിന് ശേഷം താക്കോൽ കൈമാറാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആർച്ചയ്ക്കും ആതിരയ്ക്കും ഇക്കൊല്ലത്തെ വിഷു പുതിയ വീട്ടിൽ തന്നെ ആയിക്കോട്ടെ എന്നുവെച്ചാണ് മഞ്ജു നേരത്തെവന്ന് താക്കോൽ കൈമാറൽ ചടങ്ങ് നടത്തിയത്. വീടില്ലാതെ തീവണ്ടി കമ്പാർട്ട്മെന്‍റുകളിൽ അന്തിയുറങ്ങുന്ന കുടുംബത്തെ കുറിച്ചുള്ള വാർത്തയറിഞ്ഞ മഞ്ജു അവർക്ക് വീടുപണിത് നൽകാമെന്ന് ഏൽക്കുകയായിരുന്നു.ശ്രീവത്സം ബിസിനസ് ഗ്രൂപ്പ് ഏവൂരിൽ അഞ്ച് സെന്‍റ് സ്ഥലം ഇവർക്കായി സൗജന്യമായി നൽകിയിരുന്നു. അവിടെയാണ് മഞ്ജു വന്ന് തറക്കല്ലിട്ടത്. പിന്നെയെല്ലാം വേഗത്തിലായിരുന്നു. ചുറ്റുമതിലും കിണറുമെല്ലാം ഒരുക്കിയ വീട് കൈമാറാൻ തിരക്കിനിടയിലും സമയം കണ്ടെത്തി മഞ്ജുവെത്തി. മഞ്ജുവിന് വൻ സ്വീകരണമായിരുന്നു ഏവൂരിലെ നാട്ടുക്കാർ ഒരുക്കിയത്.

1
Back to top button