ദേശീയം (National)

ആസാമിൽ പ്രളയം: ആറ് മരണം

സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം പേരെയാണ് മഴ ബാധിച്ചിരിക്കുന്നത്. 7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.

ഗുവാഹാട്ടി: വടക്കു കിഴക്കൻ സംസ്ഥാനമായ ആസാമിൽ കനത്ത മഴയിൽ 27 ജില്ലകളിൽ 21 ജില്ലകളും വെള്ളത്തിനടിയിലായി. ഇതിനോടകം വെള്ളപ്പൊക്കത്തിൽ 6 പേര് മരിച്ചു. സംസ്ഥാനത്തെ എട്ടുലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ച് സാഹചര്യം വഷളായതോടെ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയിലൂടെയാണ് ഒഴുകുന്നത്.
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. സംസ്ഥാനത്തെ ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു. 68 ദുരിതാശ്വാസ കാമ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. 27,000 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലാണ്.

അപ്പർ ആസാമിലെ ധേമാജി, ലോവർ ആസാമിലെ ലാഖിംപൂർ ബോണ്ഗായ്ഗാവ്, ബാർപേറ്റ എന്നിവിടങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

അയൽസംസ്ഥാനമായ അരുണാചൽ പ്രദേശിലും കനത്ത മഴയിൽ വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. തവാങ്ങിൽ മണ്ണിടിഞ്ഞുവീണ് രണ്ട് സ്കൂൾ വിദ്യാര്ത്ഥികൾ മരിച്ചു. അയൽ രാജ്യമായ ഭൂട്ടാനിലും പ്രളയമുന്നറിപ്പ് നൽകിയിട്ടുണ്ട്.

Tags
Back to top button