ആസ്ട്രേലിയ തൊഴിൽ വിസ പദ്ധതി റദ്ദാക്കി

മെൽബൺ: ആസ്ട്രേലിയൻ സർക്കാർ വിദേശ പൗരൻമാർക്ക് അനുവദിക്കുന്ന താൽക്കാലിക തൊഴിൽ വിസയായ ‘457 വിസ’ പദ്ധതി റദ്ദാക്കി. രാജ്യ താൽപര്യത്തിെൻറ ഭാഗമായി താൽക്കാലിക തൊഴിൽവിസ അനുവദിക്കുന്നത് നിർത്തുകയാണെന്ന്  പ്രധാനമന്ത്രി മൽകോം ടേൻബൽ അറിയിച്ചു.  457 വിസയിലൂടെ വർഷത്തിൽ 95,000 വിദേശ പൗരൻമാരാണ് താൽക്കാലിക തൊഴിലുകൾക്കായി ആസ്ട്രേലിയയിലെത്തുന്നത്. ഇൗ വിസ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യക്കാരാണ്.

തൊഴിലിടങ്ങളിൽ സ്വദേശി പൗരൻമാർക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് തൊഴിൽ വിസ അനുവദിക്കാതിരിക്കുന്നതെന്ന് പ്രധാനമന്ത്രിവ്യക്തമാക്കി. രാജ്യത്തേക്ക് ഇനിമുതൽ വിദഗ്ധ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ. പാസ്പോർട്ടുണ്ടെങ്കിൽ  ആസ്ട്രേലിയയിൽ ജോലി ചെയ്യാമെന്നത് അനുവദിക്കുന്നതല്ല.  457 വിസ രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു നികത്താൻ വേണ്ടി അനുവദിച്ചുകൊണ്ടിരുന്നതാണ്. എന്നാൽ അത് ദുരുപയോഗം ചെയ്യപ്പെടുകയും അതിെൻറ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

വിദേശ തൊഴിലാളികളെ മുഴുവനായും ഒഴിവാക്കുന്നുവെന്നല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ വൈദഗ്‌ദ്ധ്യമുള്ളവരെയാണ് ആവശ്യമെന്നും അതിനാൽ ഏതു ഉദ്യോഗാർഥികൾക്കും പെട്ടന്ന് ലഭിക്കുന്ന തരത്തിലുള്ള വിസ പദ്ധതി ഒഴിവാക്കുകയാണെന്നും ടേൻബൽ വ്യക്തമാക്കി.

പുതിയ താൽക്കാലിക തൊഴിൽ വിസാ നിയമപ്രകാരം അനുവദിക്കവുന്ന അവസരങ്ങൾ പട്ടിക തിരിക്കും. ഉദ്യോഗാർഥിക്ക് രണ്ടു വർഷത്തെ തൊഴിൽപരിചയം, ക്രിമിനൽ റെക്കോഡ് പരിശോധന, ഇംഗ്ളീഷ് പരിജ്ഞാനം തുടങ്ങിയ പരിശോധനകൾക്കു ശേഷമേ പുതിയ വിസ അനുവദിക്കൂ.

1
Back to top button