എച്ച്-വൺ ബി വിസ: ജെയ്റ്റ്ലി യു.എസ് വ്യവസായ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടൺ: അമേരിക്കയുടെ എച്ച്–1ബി വിസ നിയന്ത്രണത്തിന്‍റെ ഫലമായി ഐ.ടി മേഖലയിൽ ഉണ്ടായ പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര ധനമന്ത്രി  അരുൺ ജെയ്റ്റ്ലി അമേരിക്കൻ വ്യവസായ സെക്രട്ടറി വിൽബർ റോസുമായി ചർച്ച നടത്തി.  വിദഗ്ധ ഇന്ത്യൻ ഐ.ടി തൊഴിലാളികളുടെ സംഭാവന യു.എസിന്‍റെ സാമ്പത്തിക വളർച്ചക്ക് സഹായകരമാകുമെന്ന കാര്യം ജെയ്റ്റ്ലി വ്യവസായ സെക്രട്ടറിയെ അറിയിച്ചു.

ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി ഇരുരാജ്യങ്ങളും നടത്തുന്ന മന്ത്രിതല യോഗത്തിലാണ് വിസ നിയന്ത്രണവും ചർച്ചയായത്. വിഷയത്തിൽ അമേരിക്കൻ സർക്കാർ പരിശോധന നടത്തുന്നുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വിൽബർ റോസ് വ്യക്തമാക്കിയതായാണ് സൂചന.

ഇന്ത്യൻ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടി നൽകുന്നതായിരുന്നു എച്ച് വൺ ബി വിസ നൽകുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണം. കാലതാമസമില്ലാതെ വിസ ലഭിക്കുന്നതിനുള്ള സൗകര്യം ഇതോടെ താൽകാലികമായി നിർത്തിവെച്ചിരുന്നു.

20 ബില്യൺ ഡോളറാണ് അമേരിക്കൻ ഭരണകൂടത്തിന് ഇന്ത്യയിലെ ഐ.ടി കമ്പനികൾ നികുതിയായി നൽകുന്നത്. അമേരിക്കയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് നിർണായക പങ്കുണ്ട്.

1
Back to top button