എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് മഴ കാരണമെന്ന് ഹൈബി ഈഡൻ

പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയമെന്നും ഹൈബി കൂട്ടിച്ചേർത്തു

കൊച്ചി: എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് മഴ കാരണമെന്ന് ഹൈബി ഈഡൻ എം.പി. എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയമെന്നും ഹൈബി കൂട്ടിച്ചേർത്തു.

കനത്ത മഴയെ തുടർന്ന് പല വോട്ടർമാർക്കും വോട്ട് രേഖപ്പെട്ടുത്താൻ സാധിച്ചില്ല. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പോളിംഗ് രാത്രി 11 മണി വരെ നീട്ടിവയ്ക്കുമെന്ന വ്യാജപ്രചരണവും തിരിച്ചടിയായെന്ന് ഹൈബി പറഞ്ഞു. വോട്ടെടുപ്പ് മാറ്റുമെന്നാണ് പല വോട്ടർമാരും കരുതിയതെന്നും ഹൈബി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി കാട്ടിയില്ലെന്ന് വി.ഡി സതീശൻ എം.എൽ.എയും ആരോപിച്ചു. പോളിംഗ് മാറ്റിവെക്കാൻ അപേക്ഷ നൽകിയിട്ടും അനുവദിച്ചില്ല. ഭൂരിപക്ഷം കുറഞ്ഞത് വെള്ളക്കെട്ട് മൂലമെന്നും സതീശൻ പറഞ്ഞു.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് ഇത്തവണ പാസ് മാർക്ക് മാത്രം നേടിയാണ് ടി.ജെ വിനോദ് കടന്നുകൂടിയത്. പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടും കോർപ്പറേഷനെതിരെയുള്ള ജനരോഷവും വിനോദിന്റെ ഭൂരിപക്ഷം 3673 വോട്ടുകളായി കുറച്ചു. പൊന്നാപുരം കോട്ടയായ എറണാകുളത്ത് ഇത്തവണ യു.ഡി.എഫ് നേടിയത് നിറം മങ്ങിയ ജയം. 2016 ൽ ഹൈബി ഈഡൻ 21949 ന്റെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ടി.ജെ വിനോദ് നേടിയത് 3673 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.

Back to top button