എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.  ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

സോളാര്‍ കമീഷന്‍: കാലാവധി മൂന്നുമാസം കൂടി

സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും  അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍റെ കാലാവധി 2017 ഏപ്രില്‍ 28 മുതല്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

വാക്കാലും രേഖാമൂലവുമുള്ള ധാരാളം തെളിവുകള്‍ കമീഷന്‍ മുമ്പാകെ വന്നതിനാല്‍ അവ പരിശോധിച്ച് തീരുമാനം എടുക്കുന്നതിന് കാലാവധി മൂന്ന് മാസം നീട്ടണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിരുന്നു.  അതനുസരിച്ചാണ് തീരുമാനം.

2013 ഒക്ടോബറിലാണ് സോളാര്‍ കമീഷനെ നിയമിച്ചത്. ആറുമാസമായിരുന്നു റിപ്പോര്‍ട് സമര്‍പ്പിക്കാനുള്ള കാലാവധി.   എന്നാല്‍ കമീഷന്‍ അഭ്യര്‍ഥന പ്രകാരം കാലാവധി പല തവണ നീട്ടി നല്‍കിയിരുന്നു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഓഹരി ഘടനയില്‍ ഒരു ശതമാനം വ്യത്യാസം വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.  പുതിയ ഓഹരി ഘടന: കേരള സര്‍ക്കാര്‍: 35 ശതമാനം (350 കോടി രൂപ), പൊതുമേഖലാ സ്ഥാപനങ്ങള്‍: 24 ശതമാനം (240 കോടി), വ്യോമയാന പൊതുമേഖലാ സ്ഥാപനങ്ങള്‍ : 10 ശതമാനം (100 കോടി), സഹകരണ ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍: 31 ശതമാനം (310 കോടി രൂപ). മൊത്തം ഓഹരി -1,000 കോടി രൂപ.

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം ധനവകുപ്പ് നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി പരിഷ്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍റ് എന്‍വയണ്‍മെന്‍് സെന്‍ററിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള കമീഷന്‍ ശിപാര്‍ശ പ്രകാരം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു.  ബവറേജസ് കോര്‍പറേഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും അബ്കാരി ജീവനക്കാര്‍ക്കും പത്താം ശമ്പള കമീഷന്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും. കോര്‍പറേഷനിലെ സ്റ്റാഫ് പാറ്റേണ്‍ ഒരു വര്‍ഷത്തിനകം നടപ്പാക്കിയിരിക്കണം എന്ന വ്യവസ്ഥയിലാണ് ശമ്പളം പുതുക്കുന്നത്.

മന്ത്രിസഭാവാര്‍ഷികം

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ‘വഴികാട്ടുന്ന കേരളം’ എന്ന പേരില്‍ മെയ് 20 മുതല്‍ ജൂണ്‍ 5 വരെ സംസ്ഥാനത്താകെ വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു.  പരിപാടിയുടെ വിശദാംശം തയാറാക്കുന്നതിന് മന്ത്രിസഭാഉപസമിതിയെ നിയോഗിച്ചു.  സമിതിയുടെ ശുപാര്‍ശകള്‍ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും.

 കെ. ലക്ഷ്മണക്ക് തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനം

നക്സലൈറ്റ് നേതാവ് വര്‍ഗീസ് വധിക്കപ്പെട്ട കേസില്‍ പ്രതിയായ മുന്‍ ഐ.ജി. കെ. ലക്ഷ്മണക്ക് കേസ് നടത്താന്‍ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു.

കേസ് നടത്താന്‍ തനിക്ക് 33 ലക്ഷം രൂപ  ചെലവായെന്നും അതു അനുവദിക്കണമെന്നും കാണിച്ച്  ലക്ഷ്മണ 2015 ല്‍ യു.ഡി.എഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.  അതില്‍ 11.65 ലക്ഷം രൂപ അനുവദിക്കാന്‍ 2015 മാര്‍ച്ചില്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നത്.  നടപടിക്രമങ്ങളുടെ ഭാഗമായി ലക്ഷ്മണ സമര്‍പ്പിച്ച ബില്ലുകള്‍ പരിശോധിച്ച് 8 ലക്ഷം രൂപ കൊടുക്കാന്‍ ആഭ്യന്തരവകുപ്പ് ശുപാര്‍ശ ചെയ്തു.  അങ്ങനെയാണ് വിഷയം ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നത്.

1
Back to top button