ഐ.എസ്.എൽ ആവേശത്തിലേക്ക് കൊച്ചി; ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നു

മുൻ വർഷത്തെ മോശം ഫോമിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഇത്തവണ കരകയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൊച്ചി: ഐ.എസ്.എൽ ആവേശത്തിലേക്ക് കടന്ന് കൊച്ചി. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തകൃതിയായി മുന്നേറുകയാണ്. മുൻ വർഷത്തെ മോശം ഫോമിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഇത്തവണ കരകയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൊച്ചി വേദിയാകുന്ന ആദ്യ മത്സരത്തിൽ മഞ്ഞപ്പടയുടെ എതിരാളികൾ കരുത്തരായ എ.ടി.കെയാണ്. ആവേശപ്പോരാട്ടത്തിന് സാക്ഷിയാകാൻ നേരത്തെ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കുകയാണ് ആരാധകർ.

ഓൺലൈൻ ടിക്കറ്റ് വിൽപ്പന പേടിഎം, ഇൻസൈഡർ ഡോട്ട് ഇൻ എന്നീ വെബ്സൈറ്റുകൾ വഴി ഈ മാസം പതിനൊന്നിന് തുടങ്ങിയിരുന്നു. എന്നാൽ നേരിട്ട് ടിക്കറ്റ് വാങ്ങാൻ താല്പര്യമുള്ളവർക്കായി കഴിഞ്ഞ ദിവസമാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്ത് ടിക്കറ്റ് കൗണ്ടർ ആരംഭിച്ചത്. പകുതിലധികം ടിക്കറ്റുകളും വിറ്റ് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

തുടർച്ചയായ മോശം പ്രകടനത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണിൽ ആരാധകർ കൈവിട്ടിരുന്നു. എന്നാൽ ഒഴിഞ്ഞ ഗാലറികൾ ഉണ്ടാകില്ലെന്നാണ് ടിക്കറ്റ് വിൽപ്പന സൂചിപ്പിക്കുന്നത്.

Back to top button