കുറഞ്ഞവിലയ്ക്ക് ഡാറ്റ്സൺ ഗോ, ഗോപ്ലസ് വാർഷിക പതിപ്പുകൾ

ജാപ്പനീസ് കാർനിർമാതാവായ നിസ്സാന്‍റെ ലോ ബജറ്റ് ബ്രാന്‍റായ ഡാറ്റ്സൺ ഗോ, ഗോപ്ലസ് വാർഷിക പതിപ്പുകളെ വിപണിയിലെത്തിച്ചു. ഇന്ത്യൻ നിരത്തിലിറങ്ങി മൂന്ന് വർഷം തികയ്ക്കുന്നതിന്‍റെ ഒരു ഓർമ്മപ്പെടുത്തലായിട്ടാണ് വാർഷിക പതിപ്പുകൾ എത്തിയിരിക്കുന്നത്. പ്രത്യേക പതിപ്പായ ഡാറ്റ്സൺ ഗോ ഹാച്ച്ബാക്കിന് 4.19ലക്ഷവും ഗോപ്ലസ് എംപിവിക്ക് 4.9ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

പ്രത്യേക ഫീച്ചറുകളാണ് രണ്ട് വാർഷികപതിപ്പുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വാഹനത്തിന്‍റെ അകത്തളത്തിലുള്ള ആംബിയന്‍റ് ലൈറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകി കൊണ്ട് ഗോ, ഗോ പ്ലസ് വാർഷികപതിപ്പുകൾക്ക് ആംബിയന്‍റ് ലൈറ്റിംഗ് എന്ന ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മൊബൈൽ ഫോൺവഴി അകത്തളത്തിൽ ഏത് ആംബിയന്‍റ് ലൈറ്റ് വേണമെന്നുള്ളത് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.പുതിയ ബോഡി ഗ്രാഫിക്സ്, ആനിവേഴ്സറി എഡിഷൻ ബാഡ്ജ്, സ്പോർടി ബ്ലാക്ക് സ്പോയിലർ എന്നിവയാണ് പുറംമോടി വർധിപ്പിക്കാനായി ഉൾപ്പെടുത്തിയിരിക്കുന്നത്. മൂഡ് ലൈറ്റിംഗിനൊപ്പം സീറ്റുകൾക്ക് നൽകിയിട്ടുള്ള ബ്ലൂ ഇൻലൈനുകൾ, സെൻട്രൽ കൺസോളിന് ചുറ്റുമുള്ള ബ്ലൂ ട്രിമുകൾ എന്നിവയാണ് അകത്തളത്തിലെ പ്രത്യേകയായി പറയാവുന്നത്. ഫ്ലോർ മാറ്റ്, ലെതർ സീറ്റ്, കീലെസ് എൻട്രി, റിയർ പാർക്കിംഗ് സെൻസർ, ബ്ലൂടൂത്ത്, റേഡിയോ, യുഎസ്ബി കണക്ഷൻ എന്നിവയൊക്കെയാണ് മറ്റ് അധിക ഫീച്ചറുകൾ.

1.2ലിറ്റർ പെട്രോൾ എൻജിനാണ് ഈ രണ്ട് വാഹനങ്ങളുടെ ബോണറ്റിനടിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 67ബിഎച്ച്പിയും 104എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. എൻജിനോട് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.ഡാറ്റ്സൺ രണ്ട് വർഷത്തേക്കുള്ള വാരണ്ടിയും സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസും വാഗ്ദാനം ചെയ്തിട്ടുണ്ട്. വാരണ്ടി അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള ഓപ്ഷനും ഡാറ്റ്സൺ നൽകുന്നുണ്ട്. വാർഷികത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ ക്യാപേനും സംഘടിപ്പിക്കുന്നുണ്ട് ഡാറ്റ്സൺ. ഡാറ്റ്സൺ വാഹനത്തിൽ കുടുംബത്തോടൊപ്പം പോയിട്ടുള്ള ചില രസകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കാനുള്ള അവസരമാണ് ഈ ക്യാപേൻ വഴി ഒരുക്കുന്നത്. #UnitedByDatsun theme എന്ന ഹാഷ് ടാഗിൽ നിങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കാം.

1
Back to top button