കെ.എസ്​.ആർ.ടി.സി: ബസുകളുടെ വിവരം തത്സമയം അറിയാൻ ഒാൺലൈൻ സംവിധാനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ സ്ഥാനം, വേഗം എന്നിവ അറിയാൻ കഴിയുന്ന ഇൻറലിജൻസ് ട്രാക്കിങ് ആൻഡ് ഇൻഫർമേഷൻ സംവിധാനം  മുഴുവൻ ബസുകളിലും സ്ഥാപിക്കാൻ തീരുമാനം. ബസുകളുടെ വിവരങ്ങൾ പൂർണമായും ഒാൺലൈൻ പ്ലാറ്റ്േഫാമിലേക്ക് മാറ്റുന്നതിെൻറ ഭാഗമായി റെയിൽവേയുടെ മാതൃകയിലാണ് പുതിയ ക്രമീകരണം.

ഇതിെൻറഭാഗമായി കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, എം.സി.എ  യോഗ്യതയുള്ളവർക്ക് പരിശീലനം നൽകാൻ നടപടി തുടങ്ങി. ഇത്തരം യോഗ്യതയുള്ള മുന്നൂറോളം പേർ കെ.എസ്.ആർ.ടി.സിയിൽ ഉണ്ടെന്നാണ് വിവരം. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ സമ്പ്രദായവും നടപ്പാക്കുന്നത്. കമ്പ്യൂട്ടർഅനുബന്ധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള  ഇ.ഡി.പി.എ (ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിങ് സെൻറർ ) പൂർണമായും പരിഷ്കരിക്കുകയാണ് ആദ്യപടി.  സമയപ്പട്ടികയും ഷെഡ്യൂളുകളും പൂർണമായും കമ്പ്യൂട്ടർവത്കരിക്കും. ബസുകളിലുപയോഗിക്കുന്ന ടിക്കറ്റ് മെഷീനുകളിലെ ജി.പി.എസുമായി ബന്ധിപ്പിച്ചാണ് ട്രാക്കിങ് സംവിധാനം പ്രവർത്തിക്കുക.

നിലവിൽ 745 ബസുകളിൽ ജി.പി.എസ് ബന്ധിപ്പിച്ച ടിക്കറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. രണ്ടാംഘട്ടത്തിൽ എല്ലാ ബസുകളിലും ഇത് ഏർപ്പെടുത്തും. ടിക്കറ്റ് ലഭ്യത അനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ പോലും റിസർവേഷൻ സാധ്യമാവും. ബുക്ക് ചെയ്യുന്ന ബസിെൻറ വിശദാംശങ്ങൾ, ബസിെൻറ സ്ഥാനം, വേഗം എന്നിവയടക്കം കൃത്യമായ ഇടവേളകളിൽ എസ്.എം.എസ് ആയി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. റിസർവ് ചെയ്ത യാത്രക്കാരെൻറ സ്റ്റോപ്പിൽ ബസ് എത്തുന്നതിന് തൊട്ടുമുമ്പുവരെ ഇത്തരത്തിൽ സന്ദേശങ്ങളെത്തും.

1
Back to top button