കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനിരിക്കെ കോൺഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുൽഗാന്ധി ഇന്ത്യ വിട്ടു

അപ്രതീക്ഷിതമായി വിദേശത്തേയ്ക്ക് പോയ രാഹുൽ ഇന്തോനേഷ്യയിലുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന.

കേന്ദ്രസർക്കാരിനെതിരെ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ പരിപാടികൾക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകില്ല. കോൺഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുൽ ഗാന്ധി ഇന്ത്യ വിട്ടു. അപ്രതീക്ഷിതമായി വിദേശത്തേയ്ക്ക് പോയ രാഹുൽ ഇന്തോനേഷ്യയിലുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന.

കേന്ദ്രസർക്കാരിനെതിരെയുള്ള പ്രത്യക്ഷ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനമെടുത്തത് രാഹുൽഗാന്ധിയുടെ കൂടി സാന്നിധ്യത്തിലായിരുന്നു. പ്രതിഷേധ പരിപാടികളുടെ മുന്നണിയിൽ താൻ നിൽക്കുമെന്ന് രാഹുൽ ഗാന്ധി അന്ന് പാർട്ടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് നാളെയാണ് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കേണ്ടത്. പക്ഷേ നേതൃത്വം നൽകാമെന്നേറ്റ രാഹുൽ ഇന്നലെയാണ് വിദേശത്തേയ്ക്ക് പോയത്.

ധ്യാനത്തിനായി ഇന്തോനേഷ്യയിലേക്ക് പോയെന്നാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിനുള്ള വിവരം. രാഹുലിന്റെ വിദേശയാത്ര കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആർ.സി.ഇ.പി കരാറിനും സാമ്പത്തികമാന്ദ്യത്തിനുമെതിരെ നവംബർ ഒന്നുമുതൽ എട്ടുവരെ പ്രചരണം നടത്താനായിരുന്നു കോൺഗ്രസ് തീരുമാനം. 15 വരെ പ്രതിഷേധം രാജ്യത്ത് തുടരും.

പ്രക്ഷോഭത്തിന്റെ അമരത്ത് നിൽക്കുമെന്ന് കരുതിയ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം സമരത്തിന്റെ വീര്യം കെടുത്തുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. എൻ.ഡി.എ സർക്കാരിനെതിരെ നടത്തുന്ന ആദ്യത്തെ പ്രതിഷേധ പരിപാടി ഫലം കണ്ടില്ലെങ്കിൽ കോൺഗ്രസിന് രാഷ്ട്രീയമായി ഇത് വലിയ തിരിച്ചടിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽഗാന്ധിയെ 15 നു മുമ്പ് രാജ്യത്ത് തിരിച്ചെത്തിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

Back to top button