രാഷ്ട്രീയം (Politics)

കേരളാ കോൺഗ്രസ് എമ്മിലെ അധികാര തകർക്കത്തിൽ നിർണായക നീക്കവുമായി പി.ജെ ജോസഫ്.

ഡിസംബറിന് മുൻപ് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർക്കുമെന്നും പത്ത് ദിവസം മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽകുമെന്നും പി.ജെ ജോസഫ്.

കേരളാ കോൺഗ്രസ് എമ്മിലെ അധികാര തകർക്കത്തിൽ നിർണായക നീക്കവുമായി പി.ജെ ജോസഫ്. ഡിസംബറിന് മുൻപ് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർക്കുമെന്നും പത്ത് ദിവസം മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽകുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകൾ കൈമാറുന്നതിന് മുമ്പ് സംസ്ഥാന കമ്മിറ്റിയിൽ ശക്തി തെളിയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ പദ്ധതി.

കെ.എം മാണിയുടെ മരണശേഷം ആദ്യമായാണ് സംസ്ഥാനകമ്മിറ്റി വിളിച്ചുചേർക്കുന്നതിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് നിലപാട് വ്യക്തമാക്കുന്നത്. അതേസമയം, ചെയർമാൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ജോസ് വിഭാഗത്തിന്റ ഹർജിയിൽ വഞ്ചിയൂർ കോടതി 23 ന് വിധി പറയും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി രേഖകൾ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 26 ആണ്.

ഭൂരിപക്ഷം അവകാശപ്പെടാനാവും വിധം അഴിച്ചുപണി നടത്തിയാകും ജോസഫ് വിഭാഗം സംസ്ഥാനകമ്മിറ്റി അംഗത്വ ലിസ്റ്റ് ഇലക്ഷൻ കമ്മീഷന് കൈമാറുക. മുൻപ് ചെയർമാൻ പദവി വഹിച്ചിട്ടുള്ള സി.എഫ് തോമസിനെ വീണ്ടും പാർട്ടി അധ്യക്ഷനാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ആര് സ്വന്തമാക്കുമെന്നതിൽ ഈ മാസം അവസാനത്തോടെ വ്യക്തത ഉണ്ടായേക്കും.

Tags
Back to top button