കേരള കോൺഗ്രസ് എമ്മിനെ ചൊല്ലിയുള്ള തർക്കത്തിൽ നിർണായകമാവുക പാർട്ടി ഭരണഘടനയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
ഇരു വിഭാഗങ്ങളുടെയും വാദങ്ങൾക്ക് ശേഷം പാർട്ടി ഭരണഘടന പരിശോധിച്ചാകും അന്തിമ തീരുമാനമെടുക്കുക.

കേരള കോൺഗ്രസ് എമ്മിനെ ചൊല്ലിയുള്ള തർക്കത്തിൽ നിർണായകമാവുക പാർട്ടി ഭരണഘടനയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾക്ക് ശേഷം പാർട്ടി ഭരണഘടന പരിശോധിച്ചാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക. ഇതു സംബന്ധിച്ച കോടതി ഉത്തരവുകളും കമ്മീഷൻ പരിഗണിച്ചേക്കും.
മേൽക്കെ തങ്ങൾക്കാണെന്ന് തെളിയിക്കാൻ ജോസ്-ജോസഫ് വിഭാഗങ്ങൾ തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അഭിപ്രായ പ്രകടനം. കമ്മിറ്റികളിലെ ഭൂരിപക്ഷം സംബന്ധിച്ച അവകാശ വാദങ്ങൾ ഇരു വിഭാഗത്തിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽവയ്ക്കാം. എന്നാൽ അന്തിമ തീരുമാനം പാർട്ടി ഭരണഘടനയെ അടിസ്ഥാനമാക്കി ആകുമെന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയത്. നടപടി ക്രമങ്ങൾ വാദിച്ച് തെളിയിക്കാനാകുന്നവർക്ക് കമ്മീഷന്റെ അംഗീകാരം ലഭ്യമാക്കും.
പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസഫിന് അനുകൂലമായ തീരുമാനമെടുത്തത് ഭരണഘടന മുൻനിർത്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ വന്ന കോടതി വിധികളും തർക്ക പരിഹാരത്തിൽ കമ്മീഷൻ പരിഗണിക്കും. ഇരു വിഭാഗങ്ങളും സമ്മതമറിയിച്ചാൽ തർക്കത്തിന് ഉടൻ പരിഹാരം ഉണ്ടായേക്കുമെന്നും മീണ വ്യക്തമാക്കി.