കർഷകരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഏപ്രിൽ 25ന് ബന്ദ്.

ചെന്നൈ: തമിഴ്നാട്ടിലെ കർഷകരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഏപ്രിൽ 25ന് ബന്ദ്. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണ് ബന്ദിന് അഹ്വാനം നൽകിയത്. കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കർഷകർ ദിവസങ്ങളായി ഡൽഹി ജന്ദർമന്ദിറിൽ പ്രക്ഷോഭത്തിലാണ്.

ഡൽഹിക്ക് പുറമേ തമിഴ്നാട്ടിലെ തഞ്ചാവൂർ, കോയമ്പത്തുർ, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. കാവേരി നദീ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമ വിധി ഉണ്ടാവണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്.

കനത്ത വരൾച്ചയാണ് തമിഴ്നാട് നിലവിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. വരൾച്ച ദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക മതിയാവില്ലെന്നാണ് തമിഴ്നാട്ടിലെ കർഷകരുടെ വാദം. ഇതിനു പുറമേ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളും കർഷകരുടെ സ്ഥിതി ദുസഹമാക്കുന്നു.

1
Back to top button