ക​ട​ൽ​ക​ട​ന്നെ​ത്തി​യ​ത്​ ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ലേ​ക്ക്​

സലാല: ‘പാത്തു’വായി കോഴിക്കോട്ടുനിന്ന് വിമാനം കയറിയ സുരഭി കടൽകടന്ന് ‘ഗൾഫിലെ കേരള’ത്തിലെത്തിയത് ദേശീയ അംഗീകാരത്തിെൻറ തിളക്കമുള്ള നടിയായി. തണൽ സലാല സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ വിനോദ് കോവൂരും സുരഭി ലക്ഷ്മിയും വെള്ളിയാഴ്ച അതിരാവിലെയാണ് കോഴിക്കോട്ടുനിന്ന് വിമാനം കയറിയത്. വിമാനയാത്രക്കിടെയായിരുന്നു അവാർഡ് പ്രഖ്യാപനം.

വിമാനമിറങ്ങിയപ്പോൾ കാത്തുനിന്ന സംഘാടകർ അഭിനന്ദനം അർപ്പിച്ചപ്പോൾ ആദ്യം സംസ്ഥാന അവാർഡ് ലഭിച്ചതിന് അഭിനന്ദിക്കുകയാണെന്നാണ് സുരഭി കരുതിയത്. ദേശീയ അവാർഡ് തനിക്കാണ് ലഭിച്ചതെന്ന വാക്കുകൾ ഉൾക്കൊള്ളാൻ കുറെ സമയത്തേക്ക് കഴിഞ്ഞില്ല. വികാരനിർഭരമായിരുന്നു നടിയുടെ ആദ്യ പ്രതികരണം. കണ്ണുകൾ പലപ്പോഴും നിറഞ്ഞു. സംസാരിക്കാൻ പലപ്പോഴും പ്രയാസപ്പെട്ടു. വിമാനത്താവളത്തിൽനിന്ന് ഹോട്ടലിൽ എത്തിയതോടെ അഭിനന്ദനങ്ങളുടെ പ്രവാഹവുമായി നിരവധി ഫോൺകാളുകളും മറ്റും നാട്ടിൽനിന്നെത്തി. മന്ത്രിമാരടക്കം അഭിനന്ദനം കൈമാറി.

ഇതിനിടെ പരിപാടിയുടെ സംഘാടകരുടെ നമ്പർ സംഘടിപ്പിച്ച് ഒമാനിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആരാധകരും സുരഭിക്ക് അഭിനന്ദന സന്ദേശങ്ങൾ കൈമാറി. സലാല വളരെ ഭാഗ്യമുള്ള മണ്ണാണെന്നായിരുന്നു സുരഭിയുടെ ആദ്യ പ്രതികരണങ്ങളിൽ ഒന്ന്. മുഴുനീെള വേഷമിട്ട ആദ്യ ചിത്രത്തിൽ തന്നെ ദേശീയ അംഗീകാരത്തിെൻറ തിളക്കം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും സുരഭി പറഞ്ഞു. അവാർഡ് പ്രതീക്ഷിച്ചിരുന്നോയെന്ന ചോദ്യത്തിന്, ‘ഐശ്വര്യ റായിെൻറ മോളാവണം എന്നൊക്കെ മ്മക്ക് ആഗ്രഹിക്കാൻ പറ്റ്വോ’ എന്നായിരുന്നു തനി കോഴിക്കോടൻ ൈശലിയിലുള്ള സുരഭിയുടെ പ്രതികരണം. കുഞ്ഞുകുഞ്ഞു വേഷങ്ങൾ അവതരിപ്പിക്കുന്ന എല്ലാവരെയും പോലെ അംഗീകാരം കൊതിക്കുന്ന മനസ്സ് തനിക്കുമുണ്ട്.

സംസ്ഥാന അവാർഡിലെ പോലെ പ്രത്യേക പരാമർശമെങ്കിലും ലഭിക്കണമെന്നായിരുന്നു മോഹം. എന്നാൽ, നായികയായി അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം തേടിയെത്തിയതിൽ സന്തോഷമുണ്ടെന്നും സുരഭി പറഞ്ഞു. വൈകീട്ട് നടന്ന പരിപാടിയിലും മലയാളത്തിെൻറ മികച്ച അഭിനേത്രിയെ  കാണുന്നതിനായി നിരവധി കാണികളാണ് ഇന്ത്യൻ സോഷ്യൽക്ലബ് മൈതാനിയിൽ എത്തിയത്.

1
Back to top button