ദേശീയം (National)

ചുഴലിക്കാറ്റിനെക്കുച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കഴിഞ്ഞുവെന്ന് ലക്ഷദ്വീപ് എം.പി

ജനങ്ങൾ പലരും വീടുകളിലും ക്യാമ്പുകളിലും സുരക്ഷിതരാണെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ

മഹാ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പ് മുൻകൂട്ടി ലഭിച്ചതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കഴിഞ്ഞുവെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. ജനങ്ങൾ പലരും വീടുകളിലും ക്യാമ്പുകളിലും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പല മേഖലകളിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചുവെന്നും നഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകൾക്ക് അവധി കൊടുത്ത് അവ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരെ മാറ്റി താമസിച്ചു. നിലവിൽ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓരോ ദ്വീപിലും സബ് ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിലാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും ലക്ഷദ്വീപിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വിതച്ചുകൊണ്ടാണ് മഹാ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. അതേസമയം മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 166 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.

Tags
Back to top button