ദേശീയം (National)

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്കെതിരെ മുംബൈ പൊലീസ്

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ മകൻ റിസ്വാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ മകൻ റിസ്വാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പൊലീസ് റിസ്വാനെ കുടുക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഡി കമ്പനിയുടെ കണ്ണികൾക്കായി വലവിരിച്ചതിനാൽ രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നു റിസ്വാൻ. കഴിഞ്ഞ ദിവസം രാത്രി റിസ്വാൻ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചു. ക്രൈം ബ്രാഞ്ച് വിഭാഗമാണ് ഇയാളെ പിടികൂടിയത്.

ഇതേസമയം ദാവൂദിന്റെ വിശ്വസ്തനും ഛോട്ടാ ഷക്കീലിന്റെ അനുയായിയുമായ അഹമദ് റാസയും മുബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം ദുബായിൽ അറസ്റ്റിലായ റാസയെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വിമാനത്താവളത്തിൽ വച്ച് മുംബൈ പൊലീസ് റാസയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഡി കമ്പനി, മുംബൈ, താനെ, സൂറത്ത് എന്നിവടങ്ങളിൽ ഹവാല പണപിടപാടിലൂടെ ബിസിനസ് നടത്തുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ മുംബൈ പൊലീസിന് വിവരം നൽകിയിരിക്കുന്നത്. ഡി കമ്പനിയുടെ കൂടുതൽ സഹായികളെ കണ്ടെത്താൻ ക്രൈബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Tags
Back to top button