നടത്തിയത് കൃത്യനിര്‍വഹണം; പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്ക് എതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ജിഷ്ണുവിന്റെ അമ്മയെ കാണാൻ ഡി.ജി.പി സന്നദ്ധനായിരുന്നു. ബന്ധുക്കൾ മാത്രമല്ല സമരത്തിനെത്തിയത്. എസ്.യു.സി.ഐ പ്രവര്‍ത്തകരും തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയും മറ്റു ചിലരും തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു.
പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറി. ഇവരെയാണ് പൊലീസ് തടയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടയില്‍ ജിഷ്ണുവിന്‍റെ അമ്മ തറയില്‍ കിടന്നു. ഇവരെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ്  ചെയ്തത്.
സംഭവം ഐ.ജി മനോജ് എബ്രഹാം അന്വേഷിക്കും. ഡി.ജി.പി ലോക്നാഥ് ബഹ്റ ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരുവനന്തപുരം കരകുളത്തായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തിനിടെ ചിലർ രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ശ്രമിച്ചതുകൊണ്ടാണു പൊലീസ് ഇടപെട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

1
Back to top button