നവജ്യോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു.

നവ്ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽനിന്നും രാജിവച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം.

ജൂൺ പത്തിന് അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് അയച്ചെന്നാണ് ട്വീറ്റിൽനിന്നും വ്യക്തമാകുന്നത്. സാധാരണ മന്ത്രിമാർ രാജിവയ്ക്കുമ്പോൾ മുഖ്യമന്ത്രിക്കോ ഗവർണർക്കോ രാജിക്കത്ത് അയക്കാറാണു പതിവ്. ഒരു മാസം മുൻപ് അയച്ച രാജിക്കത്ത് ഞായറാഴ്ചയാണു സിദ്ദു പുറത്തുവിടുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മുഖ്യമന്ത്രിയും സിദ്ദുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായത്. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിദ്ദുവിന് പ്രധാനപ്പെട്ട വകുപ്പുകൾ നഷ്ടപ്പെട്ടിരുന്നു.

മുൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ബിജെപിയിൽ നിന്ന് രാജിവെച്ച് 2017-ൽ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ ചേർന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതും സിദ്ദുവും അമരീന്ദർ സിങും തമ്മിലുള്ള തർക്കം മൂർച്ഛിക്കാനിടയാക്കിയിരുന്നു.

ജൂൺ 10-ന് രാജിവെക്കുന്നുവെന്ന് അറിയിച്ച് സിദ്ദു രാഹുലിന് കത്തയച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് പഞ്ചാബ് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരേയും വന്നിട്ടില്ല.

Back to top button