നാസ-ഐ.എസ്​.ആർ.ഒ സംയുക്​ത ഉപഗ്രഹം വരുന്നു

ന്യൂഡല്‍ഹി: അമേരിക്കൻ സ്​പേസ്​ ഏജൻസി നാസയും ഇന്ത്യയുടെ ​െഎ.എസ്​.ആർ.ഒയും സംയുക്​തമായി ഉപഗ്രഹം നിർമിക്കുന്നു.
നാസ-ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( NASA-ISRO Synthetic Aperture Radar) സാറ്റലൈറ്റ് അഥവാ നിസാർ(NISAR)എന്ന്​ പേരിട്ടിരിക്കുന്ന ഉപഗ്രഹം ഭൗമനിരീക്ഷണത്തിനായാണ്​ നിർമിക്കുന്നത്​.

ഭൂമിയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി ധാരാളം ഉപഗ്രഹങ്ങൾ  ഉണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും നിസാർ എന്ന്​ ശാസത്രജ്ഞര്‍ പറയുന്നു.
ഇതുവരെയുണ്ടായതില്‍ ഏറ്റവും ചിലവേറിയ എര്‍ത്ത് ഇമേജിംഗ് സാറ്റലൈറ്റായിരിക്കും നിസാര്‍.
150 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ചിലവഴിക്കുക.

രണ്ട് ഫ്രീക്വന്‍സിയില്‍ ഒരു റഡാര്‍ അതാണ് നിസാര്‍. 24 സെ.മീ ഉള്ള ഒരു എല്‍ ബാന്‍ഡ് റഡാറും 13 സെമീ ഉള്ള എസ് ബാന്‍ഡ് റഡാറുമാണ് ഈ ഉപഗ്രഹത്തി​​െൻറ മര്‍മ്മഭാഗം.
ഇതില്‍ എല്‍ ബാന്‍ഡ് നാസയും എസ് ബാന്‍ഡ് ഐ.എസ്.ആര്‍.ഒയുമാണ് നിര്‍മ്മിക്കുന്നത് എന്ന്​ നാസയിലെ ശാസ്ത്രജ്ഞന്‍ പോള്‍ എ റോസന്‍ പറയുന്നു.

ഈ രണ്ട് റഡാറുകള്‍ ഉപയോഗിച്ച് ഭൂമിയുടെ കൃത്യതയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കും.

ഇതിലൂടെ ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ കൃത്യമായി പഠിക്കുവാനും അതുവഴി ഉരുള്‍പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്നിപര്‍വ്വതസ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പിലെ വ്യതിയാനങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാനും മുന്‍കരുതലെടുക്കാനും സാധിക്കും.

ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനും നിസാറിന് സാധിക്കുമെന്നും, വനം,കൃഷിഭൂമി എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, വിളനാശം എന്നിവയെക്കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാനും ഇത്​ ഉപയോഗപ്രദമാകുമെന്നും ശാസ്​ത്രജ്​ഞർ പറയുന്നു.

2021ൽ ജി.എസ്​.എൽ.വി ഉപയോഗിച്ച്​ ഇന്ത്യയില്‍ നിന്ന്​ ഉപഗ്രഹം വിക്ഷേപിക്കാനാണ്​ ലക്ഷ്യമിടുന്നത്​.

നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി ചെയ്യുന്ന ആദ്യത്തെ പ്രൊജക്ടാണിതെന്നും  പോള്‍ റോസന്‍ വിശദീകരിച്ചു.

new jindal advt tree advt
Back to top button