നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്തണമെന്ന് കുവൈത്ത് പാർലമെന്റിൽ നിർദേശം

വനിതാ എം.പി സഫാ അൽ ഹാഷിമാണ് കരടുനിർദേശം പാർലമെന്റിൽ സമർപ്പിച്ചത്

കുവൈത്ത് സിറ്റി: നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്തണമെന്ന് കുവൈത്ത് പാർലമെന്റിൽ നിർദേശം. വനിതാ എം.പി സഫാ അൽ ഹാഷിമാണ് കരടുനിർദേശം പാർലമെന്റിൽ സമർപ്പിച്ചത്. രാജ്യത്ത് വിദേശികളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ജനസംഖ്യാ ഘടനയിൽതന്നെ അപകടകരമായ മാറ്റമുണ്ടാക്കുന്നുവെന്നും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമാകുന്നുവെന്നുമാണ് എം.പിയുടെ വാദം.

നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന 40 വയസ് പിന്നിട്ടവരെയും രോഗികളെയും വികലാംഗരെയും നാടുകടത്തുന്നതിനൊപ്പം സ്പോൺസർ മാറി ജോലി ചെയ്യുന്നവർ, ഇഖാമയിൽ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവർ, സ്ഥാപനങ്ങളിൽ ആവശ്യത്തിൽ കൂടുതലുള്ള ജീവനക്കാർ, സ്പോൺസർ മാറി സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ തുടങ്ങിയവരെയൊക്കെ നാടുകടത്തണമെന്നാണ് സഫാ അൽ ഹാഷിം സമർപ്പിച്ച കരടുനിർദേശത്തിലുള്ളത്. തൊഴിൽ കരാറുകൾക്ക് വിരുദ്ധമായി പല വിദേശികളും ഒന്നിലധികം ജോലികൾ ചെയ്യുന്നുണ്ടെന്നും എന്നാൽ സ്വദേശികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ വകുപ്പുകൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും നിർദേശത്തിൽ ആരോപിക്കുന്നു. ഇഖാമ ലംഘകർ പ്രതികളായ കുറ്റകൃത്യങ്ങൾ പെരുകുന്നതും സമൂഹത്തിലുണ്ടാകുന്ന പരിഭ്രാന്തിയും ഇത്തരമൊരു നിർദേശം സമർപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് എം.പി അഭിപ്രായപ്പെട്ടു.

Back to top button