രാംകോ ഗ്രൂപ്പ് ചെയര്‍മാൻ പി.ആര്‍. രാമസുബ്രഹ്മണ്യ രാജ അന്തരിച്ചു

ചെന്നൈ: പ്രമുഖ വ്യവസായിയും രാംകോ ഗ്രൂപ്പ് ചെയര്‍മാനുമായ പി.ആര്‍. രാമസുബ്രഹ്മണ്യ രാജ (82) അന്തരിച്ചു.

രോഗബാധിതനായി ചികിത്സയിലായിരുന്നു. രാജ്യത്തെ അഞ്ചാമത്തെ സിമന്‍റ് കമ്പനിയായ രാംകോ കൂടാതെ രാംകോ സിസ്റ്റംസ്, രാംകോ ഇന്‍ഡസ്ട്രീസ്, രാജപാളയം മില്‍സ്, തഞ്ചാവൂര്‍ സ്പിന്നിങ് മില്‍സ് തുടങ്ങി കമ്പനികളുടെ മേധാവിയാണ്.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട്ടിലെ രാജപാളയത്ത് നടക്കും. രാംകോ ഗ്രൂപ്പ് സ്ഥാപകന്‍ പി.എ.സി. രാമസ്വാമി രാജയാണ് പിതാവ്.

ചെന്നൈയിലെ ബ്രിട്ടീഷ് ടെക്‌സ്റ്റൈല്‍ മില്ലില്‍ അപ്രന്‍റീസ് ആയാണ് രാമസുബ്രഹ്മണ്യ രാജ ജോലിയില്‍ ആരംഭിക്കുന്നത്.

സാധാരണ ജോലിക്കാര്‍ക്കൊപ്പം ജോലി ചെയ്ത് പരിചയിച്ച ശേഷമാണ് പിതാവ് അദ്ദേഹത്തെ കമ്പനി ചുമതലകള്‍ ഏല്‍പ്പിച്ചു തുടങ്ങിയത്. പിതാവ് മരിച്ചതോടെ 1962ല്‍ 26ാം വയസിലാണ് രാംകോ ഗ്രൂപ്പ് കമ്പനികളുടെ നേതൃത്വമേറ്റെടുത്തത്.

അദ്ദേഹത്തിന്‍റെ സാരഥ്യത്തില്‍ രാംകോ ഗ്രൂപ്പ് 100 കോടി ഡോളര്‍ (6,438 കോടി രൂപ) ആസ്തിയുള്ള ഗ്രൂപ്പായി വളര്‍ന്നു.

1938ല്‍ നെയ്ത്ത് മില്ല് സ്ഥാപിച്ചാണ് രാംകോ ഗ്രൂപ്പിന് പി.എ.സി. രാമസ്വാമി രാജ തുടക്കമിട്ടത്. 1961ല്‍ മദ്രാസ് സിമന്‍റ്സ് ലിമിറ്റഡ് തുടങ്ങി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും കമ്പനിയുടെ ഫാക്ടറികൾ പ്രവർത്തിക്കുന്നു.

ഭാര്യ: ആര്‍. സുദര്‍ശനം. മക്കള്‍: പി.ആര്‍. വെങ്കിട്ടരാമ രാജ (രാംകോ സിസ്റ്റംസ് മേധാവി), ആര്‍. നളിന രാമലക്ഷ്മി (എം.ഡി, രാമരാജു സര്‍ജിക്കല്‍ കോട്ടണ്‍ മില്‍സ്), എസ്. ശാരദ ദീപ (എം.ഡി. ശ്രീവിഷ്ണു ശങ്കര്‍ മില്‍സ്).

new jindal advt tree advt
Back to top button