സംസ്ഥാനം (State)

പി മോഹനന്റെ വാക്കുകൾ കേട്ട് പൊള്ളിയത് ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കെന്ന് ജയരാജൻ.

പി. ജയരാജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയെ പിന്തുണച്ചത്.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ പിന്തുണച്ച് പി ജയരാജൻ. പി മോഹനന്റെ വാക്കുകൾ കേട്ട് പൊള്ളിയത് ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്ക് ആണെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മതതീവ്രവാദികൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നത് വസ്തുതയാണ്. മുസ്ലിം തീവ്രവാദികൾക്കെതിരെ പറഞ്ഞാൽ അത് മുസ്ലിം മതവിശ്വാസിക്കെതിരല്ല എന്നും ജയരാജൻ പറഞ്ഞു. സി.ആർ.പി.പി എന്ന സംഘടനയുടെ (Committee for Release of Political Prisoners) ഡൽഹി യോഗത്തിൽ കോഴിക്കോട്കാരനായ പ്രൊഫ. കോയ പങ്കെടുത്തതായി വിവരമുണ്ട്. ഈ യോഗത്തിൽ നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കളും പങ്കെടുത്തിരുന്നു. കൂടെയുള്ള മൂന്ന് മലയാളികളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരണം നിർത്തേണ്ടിവന്ന ഒരു ദിനപത്രത്തിന്റെ ജീവനക്കാരൻ ഒരേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഒരു പൊതു യോഗത്തിൽ സ:പി മോഹനൻ മാസ്റ്റർ പ്രസംഗിച്ചത്തിന്റെ പേരിൽ സി.പി.എംനെതിരെ വിരുദ്ധൻമാർ ആക്രോശം തുടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിച്ച് സി.പി.ഐ.എം ഇസ്ലാമിക വിശ്വസികൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വമായ ശ്രമം ആരംഭിച്ചിരിക്കുന്നു. ഭീകരവാദ സംഘടനയായ ഐഎസ്-ന്റെ പൂർണ രൂപം ഇസ്ലാമിക് സ്റ്റേറ്റ് എന്നാണ്.അതിന്റെ അർത്ഥം ഇസ്ലാമിക വിശ്വാസികൾ ആകെ ഭീകരവാദികൾ ആണ് എന്നല്ല. ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല.

ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാർ. ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സി.പി.ഐ.എം നേരത്തെ വ്യക്തമാക്കിയതാണ്. ഹിന്ദു തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ആർ.എസ്.എസ് എതിർക്കുന്നത് പോലെയാണ് മുസ്ലിം തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ചിലർ എതിർക്കുന്നത്. മുസ്ലിം തീവ്രവാദികൾക്കെതിരായി പറഞ്ഞാൽ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല. ഇത് തിരിച്ചറിയാൻ തയ്യാറാവണം.

Tags
Back to top button