കൊടനാട്​ എസ്റ്റേറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തി

നീലഗിരി: മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട്​ എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി.

നീലഗിരി എസ്.പി മുരളീധരൻ രംബയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലു പ്രതികളിൽ ഒരാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

സെക്യൂരിറ്റി ജീവനക്കാരൻ ഒാം ബഹദൂർ കൊല്ലപ്പെട്ട പത്താം നമ്പർ ഗേറ്റ്, മോഷണം നടന്ന ബംഗ്ലാവ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. എങ്ങനെയാണ് കൃത്യം നിർവഹിച്ചതെന്ന് പ്രതി പൊലീസിനോട് വിവരിച്ചു.

തെളിവെടുപ്പിന് ശേഷം പ്രതിയെ കുനൂർ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. രാവിലെ ഏഴു മണിക്ക് ആരംഭിച്ച തെളിവെടുപ്പ് നാലു മണിക്കൂർ നീണ്ടുനിന്നു.

കേസിലെ അഞ്ചു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

കൊലപാതക കേസിലെ രണ്ടാം പ്രതിയും കാർ അപകടത്തിൽ ഗുരുതര പരിക്കുകളോടെ ചികിൽസയിൽ കഴിയുകയും ചെയ്യുന്ന സയ​​ന്‍റെ  മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

ശനിയാഴ്ച മൊഴി രേഖപ്പെടുത്താനായി കോയമ്പത്തൂരിലെ ആശുപത്രിയിൽ പാലക്കാട് പൊലീസ് എത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ വാഹനം ഒാടിച്ചതിനാണ് സയനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അപകടത്തിൽ സയ​െൻറ ഭാര്യ വിനുപ്രിയയും മകൾ നീതുവും മരിച്ചിരുന്നു.

900 ഏക്കർ വിസ്തൃതിയുള്ള കൊടനാട് എസ്റ്റേറ്റിൽ വലിയ 12 ഗേറ്റുകളടക്കം 20 ഗേറ്റുകളാണുള്ളത്. 1500ലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു

1
Back to top button