പ്രതിപക്ഷത്തി​​േൻറതല്ല, ഇടതുപക്ഷ നിലപാടാണ് സി.പി.ഐയുടേതെന്ന് കാനം

തിരുവനന്തപുരം: മൂന്നാറിൽ സർക്കാർ നയമാണ് നടപ്പാക്കുന്നതെന്നും അതിൽ പിന്നോട്ടില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദജ്രൻ. സി.പി.ഐയുടേത് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ നിലപാടാണെന്നും പ്രകാശ് കാരാട്ട് പരസ്യമായി വിമർശിച്ചതിനാലാണ് പരസ്യമായി മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സി.പി.ഐ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രകാശ് കാരാട്ടിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  വിഷയത്തിൽ സി.പി.എമ്മുമായി ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കാനം നയം വ്യക്തമാക്കിയത്.

നിലമ്പൂർ ഏറ്റുമുട്ടൽ തെറ്റെന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍റെ നിലപാടാണ്. അതെങ്ങനെ പ്രതിപക്ഷ നിലപാടാകുമെന്നും അദ്ദേഹം ചോദിച്ചു. അതുപോലെ യു.എ.പി.എ കരിനിമത്തിനെതിരെയും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്നും മന്ത്രിസഭ തീരുമാനങ്ങൾ ഒഴിവാക്കണമെന്ന നിലപാടിനോടും യോജിക്കാനാവില്ല. ഇടതുപക്ഷ ജനാധിപത്യ  മുന്നണിയെ ദുർബലപ്പെടുത്തുന്നതിൽ നിന്ന് സർക്കാറിനെ തടയുക എന്നാണ് ഇത്തരം നിലപാടിലുടെ സി.പി.ഐ സ്വികരിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കുന്നത് ദോഷം ചെയ്യും. ആ പേര് കേൾക്കുമ്പോൾ കെ കരണാകരനെയും സിറാജുന്നീസയെയുമാണ് ഒാർമ വരിക. എന്നാല്‍ ഉപദേശകരായി ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കണം. മഹിജ സമരം കൊണ്ട് എന്ത് നേടിയെന്ന തരത്തിലുള്ള ചോദ്യങ്ങൾ പണ്ട് മുതലാളിമാർ ചോദിച്ചതിന് സമാനമാണ്. ജിഷ്ണു കേസിലെ പൊലീസ് നടപടി ഇടതു വിരുദ്ധമാണ്. തന്നെ കുറിച്ച് ഇ.പി ജയരാജന്‍റെ ‘മേലാവി’ എന്ന് പ്രയോഗം മലയാള ഭാഷക്കുള്ള സംഭാവനയാണ്. വലിയ ആളുകളെ കുറിച്ച് പ്രതികരിക്കാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

1
Back to top button