പ്രതിപക്ഷ യുവജന സംഘടനകൾ തമ്മിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കയ്യാങ്കളി.

തിരുവനന്തപുരം: സർക്കാരിന്‍റെ ഒന്നാം വാർഷികദിനത്തിൽ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകൾ തമ്മിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കയ്യാങ്കളി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിലാണ് നോർത്ത് ഗേറ്റിന് മുന്നിൽ സംഘർഷമുണ്ടായത്.

യുവമോർച്ചക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്.

പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും വടിയും വലിച്ചെറിഞ്ഞു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വലിച്ചുകീറി.

പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. സ്ഥിതിഗതികള്‍ ഇപ്പോൾ നിയന്ത്രണവിധേയമാണ്.

പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിൽ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്നലെ വൈകീട്ടാണ് സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചത്.

എവിടെ ആരോക്കെ സമരം നടത്തണം എന്നത് സംബന്ധിച്ച് പൊലീസ് നിർദേശം നൽകിയിരുന്നു.

സെക്രട്ടേറിയറ്റിന്‍റെ സമരഗേറ്റായ നോർത്ത് കവാടത്തിന് മുന്നിൽ ഇരുകൂട്ടർക്കും ഇടംവേണമെന്നതിനെ ചൊല്ലി  ഇന്നലെ രാത്രിയിൽ തന്നെ ചെറിയ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. പിന്നീട് പൊലീസെത്തിയാണ് സമവായമുണ്ടാക്കിയത്.

ഇതാണ് ഇന്ന് സംഘർഷത്തിലെത്തിച്ചത്.

യൂത്ത് കോണ്‍ഗ്രസിന്‍റെയുംയുവമോര്‍ച്ചയുടെയും സമരത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം മാര്‍ച്ചും റാലിയും ഈ വഴിക്ക് വരുന്നുണ്ട്. ഇത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കിയേക്കും എന്നതിനാല്‍ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.

new jindal advt tree advt
Back to top button