ദേശീയം (National)

പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇനി മലയാളത്തിലും അറിയിപ്പുകൾ

തീർത്ഥാടന നഗരമായ വാരാണസിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്നർക്ക് വേണ്ടിയാണ് ഈ പ്രത്യേക തയ്യാറെടുപ്പുകൾ.

വാരണാസി: പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇനി മലയാളത്തിലും അറിയിപ്പുകൾ മുഴങ്ങും. ഹിന്ദിഭാഷയിൽ പ്രാവീണ്യമില്ലാത്ത എല്ലാവരെയും സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ റെയിൽവേ സ്റ്റേഷൻ. ഹിന്ദിയിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അറിയിപ്പുകൾ മുഴങ്ങും. തീർത്ഥാടന നഗരമായ വാരാണസിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന തീർത്ഥാടകർക്ക് വേണ്ടിയാണ് ഈ പ്രത്യേക തയ്യാറെടുപ്പുകൾ.

ഹിന്ദി അറിയാത്ത ധാരാളം ആളുകൾ, പ്രധാനമായും സൗത്ത് ഇന്ത്യയിൽ നിന്നുള്ളവർ ധാരാളമായി ഇവിടെയെത്താറുണ്ട്. അവർക്ക് വേണ്ടിയാണ് എല്ലാ പ്രാദേശിക ഭാഷകളും റെയിൽവേ അനൗൺസ്മെന്റുകളിൽ ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. പ്രധാനമായും നാല് ഭാഷകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഡയറക്ടർ ആനന്ദ് മോഹൻ പറഞ്ഞു. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളാണ് തുടക്കത്തിലുള്ളത്. ഒഡിയ, മറാത്തി, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവ കൂടി ഈ മാസം ഉൾപ്പെടുത്തും.

ഹിന്ദി അറിയാത്ത യാത്രക്കാർ തങ്ങളുടെ ട്രെയിൻ സമയം അറിയാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ സജ്ജീകരണമെന്ന് കൺറോൺമെന്റ് സ്റ്റേഷൻ ഡയറക്ടർ ആനന്ദ് മോഹൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ നിന്നാണ് ഇത് ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Back to top button