ദേശീയം (National)

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ അധ്യാപകന് രക്ഷപെടാൻ കഴിയും വിധമാകും പോലീസ് റിപ്പോർട്ടെന്ന് സൂചന

ഫാത്തിമയുടെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇതുവരെയുള്ള പോലീസ് നടപടികൾ ആരോപണ വിധേയനായ അധ്യാപകന് അനുകൂലമാണ്.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ അധ്യാപകന് രക്ഷപെടാൻ കഴിയും വിധമാകും പോലീസ് റിപ്പോർട്ടെന്ന് സൂചന. ഫാത്തിമയുടെ ദുരൂഹ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇതുവരെയുള്ള പോലീസ് നടപടികൾ ആരോപണ വിധേയനായ അധ്യാപകന് അനുകൂലമാണ്.

ഫാത്തിമയുടെ സഹപാഠികളും ഹോസ്റ്റലിൽ താമസിക്കുന്നവരും അധ്യാപകനെതിരെ മൊഴി നൽകിയിട്ടില്ല. ഐ.ഐ.ടി അധികൃതരെ ഭയന്നാണ് മൊഴി നൽകാത്തതെന്നാണ് സൂചന. അവധിയിലുള്ള ആറ് വിദ്യാർത്ഥികളിൽനിന്ന് ഫോണിലൂടെയാണ് ക്രൈംബ്രാഞ്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. രണ്ട് അധ്യാപകരുടെ പേരുകൾ പ്രിൻടൗട്ടിൽ ബന്ധു തിരുത്തിയെഴുതിച്ചേർത്തെന്ന ആരോപണവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.

17 പേരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഫാത്തിമയുടെ മരണത്തിന്റെ പ്രധാന കാരണക്കാരൻ എന്ന് കുടുംബം ആരോപിക്കുന്ന സുദർശൻ പത്മനാഭൻ ഉൾപ്പെടെയുള്ള അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. ഫാത്തിമ ഫോണിൽ കുറിച്ച വിവരങ്ങളുടെ ആധികാരികതയും അവ പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഫോറൻസിക് പരിശോധനാ ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഫാത്തിമയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ഉടൻ കൊല്ലത്ത് എത്തും. ഫാത്തിമയുടെ ലാപ്ടോപ്പും ഐ പാഡും കൂടി പരിശോധിച്ച ശേഷമേ അന്വേഷണ സംഘം റിപ്പോർട്ട് തയാറാക്കൂ.

Tags
Back to top button