“ബാബരി മസ്ജിദ് കേസ്: വിചാരണ തുടങ്ങാൻ 25 വർഷം, നീതിന്യായ വ്യവസ്ഥ ഇഴഞ്ഞു നീങ്ങുന്നു”

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിന്‍റെ വിചാരണ ആരംഭിക്കാൻ 25 വർഷമെടുത്തതായി ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ നേതാവ് അസദുദ്ദീൻ ഉവൈസി. ഗാന്ധി വധക്കേസിന്‍റെ വിചാരണ രണ്ട് വർഷം കൊണ്ട് പൂർത്തിയായി. എന്നാൽ, ബാബരി മസ്ജിദ് കേസിന്‍റെ വിചാരണ ആരംഭിക്കാൻ 25 വർഷമെടുത്തുവെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

ഗാന്ധിയെ കൊലപ്പെടുത്തിയ പ്രതികളെ തൂക്കിലേറ്റി. മസ്ജിദ് തകർത്ത കേസിലെ പ്രതികൾ കേന്ദ്രമന്ത്രിമാരും പത്മഭൂഷൺ ജേതാക്കളുമായി. രാജ്യത്തെ നീതിന്യായ വ്യവസ്ഥ വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കല്യാൺ സിങ്ങിനെ രാജസ്ഥാൻ ഗവർണർ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഉവൈസി രംഗത്തെത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയോട് കേന്ദ്ര സർക്കാർ ബഹുമാനം കാണിക്കണം. കല്യാൺ സിങ് വിചാരണ നേരിടണമെന്നും ഉവൈസി ആവശ്യപ്പെട്ടിരുന്നു.

ബാബരി മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമ ഭാരതി, കല്യാൺ സിങ് അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.

1
Back to top button