ബീഫ് പരാമർശത്തിൽ ശ്രീപ്രകാശിനോട് വിശദീകരണം തേടുമെന്ന് കുമ്മനം

തിരുവനന്തപുരം: മലപ്പുറത്തെ ബി.ജെ.പി  സ്ഥാനാര്‍ത്ഥിയായ അഡ്വ. എന്‍. ശ്രീപ്രകാശില്‍ നിന്നും ബീഫ് പരാമര്‍ശത്തില്‍ വിശദീകരണം തേടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മലപ്പുറത്തുക്കാര്‍ക്ക് നല്ല ബീഫ് കഴിക്കാന്‍ ലഭ്യമാക്കുമെന്ന ശ്രീപ്രകാശിന്‍റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം തേടുമെന്ന് കുമ്മനം വ്യക്തമാക്കിയത്. ഇതൊരു ചര്‍ച്ചയാക്കാനില്ല. തെരഞ്ഞെടുപ്പില്‍ ബീഫ് വിഷയമല്ലെന്നും അരി, മണ്ണ്, വെളളം എന്നിവയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബീഫ് പരാമര്‍ശം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് ശിവസേനയുടെ മുഖപത്രമായ സാമ്‌നയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. ബീഫുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരോ സംസ്ഥാനത്തും വ്യത്യസ്ത്യ നിലപാടാണെന്ന് വിമര്‍ശിക്കുക്കുകയും ചെയ്തു. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് മിണ്ടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്നും സാമ്നയിലൂടെ ശിവസേന ചോദിച്ചിരുന്നു.

വിവാദത്തെ തുടർന്ന് ശ്രീപ്രകാശ് വിഷയത്തിൽ മലക്കം മറിഞ്ഞു. ബീഫ് നിരോധിക്കാത്തിടത്തോളം കാലം അതിന്‍റെ വില്‍പ്പന തടയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗോവധ നിരോധനം എന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ല. താന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ വിശദീകരണം.

1
Back to top button