ദേശീയം (National)

ഭക്ഷണത്തിൽ മയക്കു മരുന്നു കലർത്തി പീഡിപ്പിച്ചയാളെ പരസ്യമായി ചെരുപ്പു കൊണ്ടടിച്ച് യുവതി

ബംഗളൂരുവിലെ രാമമൂർത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിനു സമീപം ശനിയാഴ്ചയാണ് സംഭവം

ഭക്ഷണത്തിൽ മയക്കു മരുന്നു കലർത്തി പീഡിപ്പിച്ചയാളെ പരസ്യമായി ചെരുപ്പു കൊണ്ടടിച്ച് യുവതി. ബംഗളൂരുവിലാണ് സംഭവം. രാമമൂർത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിനു സമീപം ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ” കാര്യങ്ങളെ നിസ്സാരമായി കാണാമെന്ന് നീ കരുതുന്നുണ്ടോ?, ഒരു സ്ത്രീയെ ഉപദ്രവിച്ചിട്ട് നിന്റെ വഴിക്കു പോകാമെന്ന് കരുതുന്നുണ്ടോ?” എന്നീ ചോദ്യങ്ങളോടെയാണ് തന്നെ പീഡനത്തിനരയാക്കിയ യുവാവിനെ യുവതി പരസ്യമായി കൈയേറ്റം ചെയ്തത്.

സുനിൽ കുമാർ എന്ന യുവാവാണ് യുവതിയെ പീഡിപ്പിച്ചത്. ഇയാൾ തന്നെ മാസങ്ങളോളം പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. പരിചയപ്പെട്ട് കുറച്ചു നാളുകൾക്കകം തന്നെ സുനിൽകുമാർ പ്രണയാഭ്യർഥന നടത്തി. മെയ് 18 ന് സുനിൽ യുവതിക്ക് ശീതളപാനീയത്തിൽ മയക്കു മരുന്ന് കലർത്തി നൽകുകയും ഹോട്ടൽ റൂമിൽ കൊണ്ടുപോയി മാനഭംഗം ചെയ്യുകയും ചെയ്തു. അതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതി നൽകിയതോടെ യുവതിയെ നിരന്തരം പിന്തുടരുന്നതിനൊപ്പം ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി കുപ്രചരണങ്ങളും ആരംഭിച്ചു. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ജോലിക്കു പോകാനിറങ്ങിയ യുവതിയെ സുനിൽ പിന്തുടരുകയും ദൃശ്യങ്ങൾ കുടുംബാംഗങ്ങളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സുനിലിന്റെ നിരന്തരമായ ഭീഷണിയിൽ മനസ്സു മടുത്ത യുവതി പെട്ടന്നുള്ള ദേഷ്യത്തിൽ തന്നെ പിന്തുടർന്ന സുനിലിനെ വലിച്ച് റോഡിലിട്ട് ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയൽക്കാർ കാര്യമന്വേഷിച്ചപ്പോൾ യുവതി അവരോട് സുനിലിന്റെ ശല്യത്തെക്കുറിച്ച് വിശദീകരിച്ചു. ഇതോടെ സുനിലിനെ മർദ്ദിക്കാൻ യുവതിയുടെ അയൽക്കാരും ഒപ്പം കൂടി. പിന്നീട് പൊലീസെത്തിയാണ് ഇവരെ തടഞ്ഞത്.

Tags
Back to top button