സംസ്ഥാനം (State)

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി അറസ്റ്റിൽ

പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്

കാസർകോട്: മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമം. തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ട് ചെയ്യാൻ നബീസ എന്ന യുവതി ശ്രമിച്ചു. ഇവർ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയിൽ മനസ്സിലായതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവർക്ക് ബൂത്ത് മാറിപ്പോയതാണെന്ന വാദം ആദ്യം ഉന്നയിച്ചെങ്കിലും പിന്നീടത് പൊളിഞ്ഞു. 40-ാം നമ്പർ ബൂത്തിലും, 42-ാം നമ്പർ ബൂത്തിലും ഇവർക്ക് വോട്ടില്ല. മറ്റൊരാളുടെ സ്ലിപ്പുമായി ആണ് ഇവർ വോട്ട് ചെയ്യാൻ പോയതെന്നും വ്യക്തമായിട്ടുണ്ട്.

കള്ളവോട്ട് ചെയ്യാനെത്തിയ നബീസയുടെ ഭർത്താവിന്റെയും ആരുടെ പേരിലാണോ കള്ളവോട്ട് ചെയ്യാനെത്തിയത് ആ നബീസയുടെ ഭർത്താവിന്റെയും പേര് ഒന്നാണെന്നതാണ്. ഈ പഴുത് മുതലാക്കി കള്ളവോട്ട് ചെയ്യാനാണ് ഇവരെത്തിയതെന്നാണ് വിവരം. ഇവർക്ക് ഈ ബൂത്തിൽ വോട്ടില്ല. ഇവർക്ക് പക്ഷേ പണ്ട് ഇതേ ബൂത്തിൽ വോട്ടുണ്ടായിരുന്നു. ഇവർ ഈ നാട്ടുകാരിയായിരുന്നു. പിന്നീട് വിവാഹം കഴിച്ച് പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടി.

ഇവർ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയപ്പോൾ, ബൂത്ത് തല ഏജന്റുമാർ ഇതിനെ എതിർത്തു. വോട്ടർ പട്ടികയിൽ പേരുള്ള നബീസയല്ല ഇതെന്ന് ബൂത്ത് ലെവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് പ്രിസൈഡിംഗ് ഓഫീസർ ഇവരുടെ രേഖകൾ പരിശോധിച്ചത്. ഇതേത്തുടർന്ന് ആ ബൂത്തിൽ വോട്ടർപട്ടികയിലുള്ള നബീസയല്ല ഇതെന്ന് വ്യക്തമായതിനെത്തുടർന്നാണ്, പ്രിസൈഡിംഗ് ഓഫീസർ പൊലീസിനെ വിളിച്ച് വരുത്തിയത്. പൊലീസെത്തി രേഖകൾ പരിശോധിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags
Back to top button