മമ്മൂട്ടിയെ വിമര്‍ശിച്ച പോസ്റ്റിന് വിശദീകരണവുമായി പത്മകുമാര്‍

മമ്മൂട്ടിയെ വിമര്‍ശിച്ച് ഫേസ്‍‍ബുക്കില്‍ പോസ്റ്റിട്ട നടനും സംവിധായകനുമായ പത്മകുമാര്‍ വിശദീകരണവുമായി രംഗത്ത്. വല്ലപ്പോഴുമെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താനെങ്കിലും ചെയ്യണമെന്ന അപേക്ഷ മാത്രമായിരുന്നു മുൻപത്തെ പോസ്റ്റിൻറെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പുകഴത്തലിലൂടെ മാത്രമല്ല ആദരവും ബഹുമാനവും നല്‍കുന്നതെന്ന് വിശ്വസിക്കുവാനാണ് തനിക്ക് ഇഷ്ടമെന്നും പത്മകുമാര്‍ ഫേസ്‍‍ബുക്കില്‍ കുറിച്ചു.

വിവാദ ഫേസ്‍‍ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് എം.ബി പത്മകുമാര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹമായ സിനിമയുടെ സംവിധായകന്‍ കൂടിയായ ഇദ്ദേഹം തന്‍റെ പോസ്റ്റുകള്‍ വിവാദമായാല്‍ ഡിലീറ്റ് ചെയ്ത് ഒഴിയുക പതിവാണ്.മമ്മൂട്ടി എന്ന വ്യക്തിയെ വെറുക്കുന്നു എന്ന് തുടങ്ങുന്ന ഒരു പോസ്റ്റ് കഴിഞ്ഞദിവസം പത്മകുമാര്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. സമയം മലയാളം ഇത് റിപ്പോര്‍ട്ട് ചെയ്തതോടെ ഈ പോസ്റ്റ് വൈറലായി. എന്നാല്‍ പതിവുപോലെ പോസ്റ്റ് വിവാദമായതോടെ അത് പത്മകുമാര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് വിശദമായ കാരണങ്ങളുമായാണ് പത്മകുമാര്‍ പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെന്ന വ്യക്തിയോട് ശരിക്കും വെറുപ്പു തോന്നുന്നു എന്നായിരുന്നു പത്മകുമാര്‍ തന്‍റെ ഫേസ്‍‍ബുക്കില്‍ കുറിച്ചത്. ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെ പോലെ ജനങ്ങളുടെ മുന്നില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാകുന്നത് ജന്മം കൊണ്ടെന്നല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോക വേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു.

ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെപ്പോലെ ജനങ്ങളുടെ മുന്‍പില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോകവേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയ നിരവധി കഥാപാത്രങ്ങളുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഉപരിപ്ലവ മലയാള, സമകാലിക ട്രെന്‍റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരച്ചു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. സിനിമയെയും അങ്ങയെയും സ്‌നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്നും പത്മകുമാര്‍ മുൻപ് ഇട്ട ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഈ അഭിപ്രായങ്ങളെയെല്ലാം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയുമായുളള നല്ല ബന്ധത്തെയും പത്മകുമാര്‍ പുതിയ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. കറുത്ത കൂളിങ് ഗ്ലാസ്സിനു പുറകിലെ വെളുത്ത മനസ്സാണ് അദ്ദേഹമെന്നാണ് പത്മകുമാര്‍ മമ്മൂട്ടിയെ പറ്റി പുതിയ കുറിപ്പില്‍ പറയുന്നത്.

പത്മകുമാറി​ന്‍റെ ആദ്യത്തെ ഫേസ്ബുക്ക് കുറിപ്പി​ന്‍റെ പൂർണരൂപം

വിശദീകരണ കുറിപ്പ്

മമ്മൂട്ടി സാറിനെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വാർത്തയാവുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഈ കുറിപ്പിടുന്നത്. ചില സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതും. അദ്ദേഹത്തോടുള്ള ബഹുമാനവും ആരാധനയും വച്ചുതന്നെയാണ് ആ പോസ്റ്റ് എഴുതാനെന്നെ പ്രേരിപ്പിച്ചത്. ‘നിവേദ്യത്തിനു’ ശേഷം ലോഹിതദാസ് സാറായിരുന്നു മമ്മുട്ടിസാറിന്‍റെ 80 -90 കളിലെ സിനിമകൾ കാണാൻ എന്നെ ഉപദേശിച്ചത്. ‘തനിയാവർത്തനത്തിലേയും’, ‘അരയന്നങ്ങളുടെ വീട്ടിലേയും’ ‘ഭൂതക്കണ്ണാടിയിലേയും’ ലോഹിസാറിന്‍റെ കഥാപാത്രങ്ങളെ തിരക്കഥക്കപ്പുറം അനശ്വരമാക്കിയ അദ്ദേഹത്തിന്‍റെ അഭിനയമുഹൂർത്തങ്ങൾ പുതിയ പ്രതിഭകൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്കൂളാണെന്നും പറഞ്ഞു. അദ്ദേഹത്തിന്‍റെ ഫോൺ നമ്പർ തന്നതും ലോഹിസാറായിരുന്നു. ഒപ്പം അഭിനയിക്കണമെന്നുള്ളത് ഏതൊരാളേയും പോലെ എന്‍റെയും അഗ്രഹമായരുന്നതു കൊണ്ടാണ് ഒരു റംസാൻ കാലത്ത് അദ്ദേഹത്തെ ഞാൻ വിളിച്ച് ‘സക്കാത്ത്’ ചോദിച്ചത്, ഒപ്പം ഒരു കഥാപാത്രം ചെയ്യാൻ എന്നെ അനുവദിക്കണമെന്ന ‘സക്കാത്ത്’. സക്കാത്ത് ചോദിച്ച് വാങ്ങാൻ പാടില്ലെന്ന് ഫോണിലൂടെ പറഞ്ഞ് ചിരിച്ച അദ്ദേഹം, വാക്കു പാലിച്ചു. ‘കുട്ടിസ്രാങ്കിൽ’ ഒപ്പം അഭിനയിക്കാൻ എന്നെ വിളിച്ചു. പിന്നെ ‘പട്ടണത്തിൽ ഭൂതത്തിലും’. , എന്‍റെ ആദ്യ സംവിധാനം ചെയ്ത ‘മൈ ലൈഫ് പാർണർ ‘സിനിമ കാണിക്കാനും അദ്ദേഹത്തെയാണ് ആദ്യം വിളിച്ചത്, കറുത്ത കൂളിങ് ഗ്ലാസ്സിനു പുറകിലെ വെളുത്ത മനസ്സാണെന്ന് എനിക്ക് അദ്ദേഹത്തോട് ഇടപെട്ടപ്പോഴൊക്കെ തോന്നയിട്ടുണ്ട്.

‘തനിയാവർത്തനത്തിലെ’ ബാലൻമാഷും ‘ഭൂതകണ്ണാടിയിലെ’ വിദ്യാധരനും, മാടയും, ‘കാതോട് കാതോരത്തിലെ’ ലൂയിസും, ‘മതിലുകളിലെ ‘ബഷീറും, ‘അമരത്തിലെ’ അച്ചൂട്ടിയും, ‘ഭാസ്കർ പട്ടേലുമൊക്കെ ലോക നിലവാരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. അത്തരം കഥാപാത്രങ്ങൾക്കൊപ്പം ‘മാസ്സി’ നു വേണ്ട സിനിമകൾക്കും അന്ന് അദ്ദേഹം സമയം കണ്ടെത്തിയിന്നു. ശ്രീ.മമ്മൂട്ടി യും ശ്രീ മോഹൻലാലുമൊക്കെ എന്നെപ്പോലെയുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. നല്ല നടനുള്ള പുരസ്കാരം ഒന്നിൽ കൂടുതൽ സിനിമയെ വിലയിരുത്തികൊടുത്തിരുന്നെങ്കിൽ ഇന്ന് പുതിയ തലമുറയിൽ നല്ല നടന്മാരുണ്ടാവുകയില്ല.


പുതിയതിന് വഴിമാറിക്കൊടുക്കുന്ന മലയാളിയുടെ സ്ഥിരം സ്വാഭാവം മനസ്സിലാക്കി ആവർത്തിക്കുന്നു, വല്ലപ്പോഴുമെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താനെങ്കിലും ചെയ്യണമെന്ന് അപേക്ഷ മാത്രമായിരുന്നു ഞാനിട്ട മുൻപത്തെ പോസ്റ്റിന്‍റെ ഉദ്ദേശ്യം. ആദരവും ബഹുമാനവും പുകഴത്തൽ മാത്രമല്ലെന്ന് വിശ്വസിക്കുവാനാണെനിക്കിഷ്ടം.

1
Back to top button