സംസ്ഥാനം (State)
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങി.
രേഖാമൂലം കരാർ ലഭിക്കുന്നതിന് മുൻപാണ് കമ്പനികൾ പൊളിക്കൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്.

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങി. ആൽഫ സെറീൻ ഫ്ലാറ്റിലെ ജനലുകളും വാതിലുകളും പൊളിച്ചു നീക്കുന്ന പണികളാണ് ആരംഭിച്ചത്. വിജയ് സ്റ്റീൽസ് കമ്പനിയാണ് പൊളിച്ചു നീക്കുന്നത്.
ആൽഫ സെറീൻ ഫ്ലാറ്റിന് രണ്ട് ടവറുകളാണ് ഉള്ളത്. ഇതിൽ 16 നിലകളുള്ള ആദ്യ കെട്ടിടത്തിന്റെ 5 നിലകളിലെ ജനലും വാതിലുമുൾപ്പടെ ഉള്ളവ പൊളിച്ചുമാറ്റി കഴിഞ്ഞു. ഇരുമ്പ്, സ്റ്റീൽ തുടങ്ങിയ വസ്തുക്കൾ മാറ്റുന്ന ജോലി ആണ് നടക്കുന്നത്.
അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതിനുളള കരാർ കമ്പനികൾക്ക് കൈമാറിയിട്ടില്ല. രേഖാമൂലം കരാർ ലഭിക്കുന്നതിന് മുൻപാണ് കമ്പനികൾ പൊളിക്കൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് വിജയ സ്റ്റീൽസ്. കഴിഞ്ഞ ദിവസം തൊഴിലാളികൾ ഫ്ലാറ്റിലെത്തി പൂജ നടത്തിയിരുന്നു.