മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ

മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 13.12 ലക്ഷം വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 വോട്ടർമാരാണുള്ളത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് പോളിങ്. ആറു മണിക്ക് വരിയിൽ നിൽക്കുന്ന എല്ലാവർക്കും എത്ര വൈകിയാലും വോട്ടു ചെയ്യാം. വോെട്ടടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂർത്തിയായി. 35 മാതൃക ബൂത്തുകളും വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 21 ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്. നാല് കമ്പനി കേന്ദ്രസേന ഉൾപ്പെടെ വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയത്. മണ്ഡലത്തിലെ 49 പ്രശ്നബൂത്തുകളിലും 31 പ്രശ്നസാധ്യത ബൂത്തുകളിലുമായാണ് കൂടുതൽ സേനയെ വിന്യസിച്ചത്. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ 2,300ഓളം സുരക്ഷ ഉദ്യോഗസ്ഥർ രംഗത്തുണ്ട്.

ഇതിൽ ഒമ്പത് ഡിവൈ.എസ്.പിമാർ, 14 സി.ഐമാർ എന്നിവർ ഉൾപ്പെടും. മൂന്ന് പാർട്ടി സ്ഥാനാർഥികളും ആറ് സ്വതന്ത്രരും ഉൾപ്പെടെ ഒമ്പത് പേരാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനായി 1,175 പോളിങ് സ്േറ്റഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.  ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫിസറും മൂന്ന് പോളിങ് ഓഫിസർമാരും ഡ്യൂട്ടിക്കുണ്ടാകും. 1,175 വീതം കൺേട്രാൾ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ 50 ശതമാനം റിസർവ് മെഷീനുകളുമുണ്ട്.
സ്പീക്കറും കുഞ്ഞാലിക്കുട്ടിയുമടക്കം ഒമ്പത് എം.എൽ.എമാർ ബൂത്തിലേക്ക് 
മലപ്പുറം: ലോക്സഭ ഉപെതരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പ്രമുഖരുടെ നീണ്ട നിര. ഇ.ടി. മുഹമ്മദ് ബഷീറാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ഏക എം.പിയെങ്കിൽ നിയമസഭ സ്പീക്കറും യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുമുൾപ്പെടെ ഒമ്പത് എം.എൽ.എമാരും മുസ്ലിം ലീഗിെൻറ സംസ്ഥാന ഭാരവാഹികളും ഇന്ന് ബൂത്തിലേക്ക് പോവും. ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് സ്വന്തം പേരിനും ചിഹ്നത്തിനും നേരെ വോട്ട് രേഖപ്പെടുത്താം.
എൽ.ഡി.എഫിലെ എം.ബി. ഫൈസൽ മലപ്പുറം ലോക്സഭ മണ്ഡലത്തിലെ വോട്ടറല്ല. കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് പി.കെ.എം.എം എ.എൽ.പി സ്കൂളിലെ 97ാം നമ്പർ ബൂത്തിലാണ് വോട്ട്. ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരും ഇവിടെ വോട്ടുചെയ്യും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പെരിന്തൽമണ്ണ കാദർമൊല്ല എ.യു.പി സ്കൂളിലും ഇ.ടി. മുഹമ്മദ് ബഷീർ വാഴക്കാട് മപ്രം ജി.എം.എൽ.പി സ്കൂളിലുമെത്തി വിധിയെഴുത്തിൽ പെങ്കടുക്കും. ശ്രീപ്രകാശ് മഞ്ചേരി വെട്ടിക്കാട്ടിരി ജി.എൽ.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലെ വോട്ടറാണ്.

എം.എൽ.എമാരായ മഞ്ഞളാംകുഴി അലി (പനങ്ങാങ്ങര ജി.യു.പി സ്കൂൾ), എ.പി. അനിൽകുമാർ (മലപ്പുറം എം.എസ്.പി സ്കൂൾ), പി. ഉബൈദുല്ല (ആനക്കയം ജി.യു.പി സ്കൂൾ), എം. ഉമ്മർ (മഞ്ചേരി ചെരണി മദ്റസ), കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ (വടക്കാങ്ങര തങ്ങൾസ് എച്ച്.എസ്.എസ്), പി. അബ്ദുൽ ഹമീദ് (പട്ടിക്കാട് ഗവ. എച്ച്.എസ്.എസ്), ടി.വി. ഇബ്രാഹിം (വള്ളുവമ്പ്രം അത്താണിക്കൽ ആരോഗ്യ ഉപകേന്ദ്രം) എന്നിങ്ങനെ വോട്ട് ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി യു.എ. ലത്തീഫ്, ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ, സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ. ഹംസ, ജില്ല സെക്രട്ടറി പി.പി. വാസുദേവൻ തുടങ്ങിയവർക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ടുണ്ട്.

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഉപെതരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറം ലോക്സഭാമണ്ഡലത്തിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വൈദ്യുതി ബോര്‍ഡ് ഒാഫിസുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അന്നേദിവസം എല്ലാ സർക്കാർ/അർധ സർക്കാർ, വാണിജ്യസ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.മണ്ഡലത്തിലെ വൈദ്യുതിവിതരണം തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമുള്ള ജീവനക്കാരുടെ സാന്നിധ്യം സെക്ഷന്‍ ഒാഫിസുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍‌കണമെന്നും ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം അധികൃതർ നല്‍കി.

1
Back to top button