സംസ്ഥാനം (State)

മലയാള ചലച്ചിത്ര നടൻ സത്താർ അന്തരിച്ചു

കരൾ രോഗത്തിന് മൂന്നു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു.

ചലച്ചിത്ര നടൻ സത്താർ(67) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കരൾ രോഗത്തിന് മൂന്നു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ.

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജനിച്ച സത്താർ ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്.

എഴുപതു കാലഘട്ടത്തിൽ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ. 1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താർ ചലച്ചിത്ര ലോകത്ത് എത്തിയത്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ, പിന്നീട് സ്വഭാവ നടനായും പേരെടുത്തു.

1976-ൽ വിൻസന്റ് മാസ്റ്റർ സംവിധാനം നിർവഹിച്ച അനാവരണം എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷം ചെയ്തു. ശരപഞ്ജരം, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ 148 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. 2014-ൽ കരീം സംവിധാനം ചെയ്ത ‘പറയാൻ ബാക്കിവെച്ചത്’ ആണ് അവസാന സിനിമ.

നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്. നടൻ കൃഷ് സത്താർ ഇരുവരുടെയും മകനാണ്.

Tags
Back to top button