മലാല യൂസഫ്സായിക്ക് കനേഡിയൻ പൗരത്വം നൽകി ആദരിച്ചു

ഒാട്ടവ: സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായിക്ക് കനേഡിയൻ പൗരത്വം നൽകി ആദരിച്ചു. ബഹുമാനസൂചകമായി കനേഡിയൻ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മലാല. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മലാലയെ പാർലമെൻറിലേക്ക് സ്വാഗതം ചെയ്തു. കനേഡിയൻ പാർലമെൻറിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തെക്കുറിച്ച് മലാല പ്രസംഗം നടത്തി. 19കാരിയായ മലാല കനേഡിയൻ പാർലമെൻറിൽ സംസാരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ്. മലാലയുെട പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അവരുടെ ‘െഎ ആം മലാല’ എന്ന പുസ്തകം ഏറെ പ്രചോദനമേകുന്നതാണെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള ട്രൂഡോയുടെ ആഹ്വാനത്തെ മലാലയും പ്രശംസിച്ചു. ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറിയുമൊത്ത് പ്രാദേശിക ഹൈസ്കൂളിലെ വിദ്യാർഥികളെയും മലാല സന്ദർശിച്ചു.
2014ലാണ് മലാലയെ പൗരത്വം സ്വീകരിക്കാൻ കാനഡയിലേക്ക് ക്ഷണിച്ചത്. നേരത്തെ നെൽസൺ മണ്ടേല, ദലൈ ലാമ, ഒാങ്സാൻ സൂചി, ആത്മീയ നേതാവ് കരിം അഗാഖാൻ നാലാമൻ, സ്വീഡിഷ് നയതന്ത്രജ്ഞൻ റൗൾ വാളൻബർഗ്(മരണാനന്തരം) എന്നിവർക്കാണ് ആദരസൂചകമായി കനേഡിയൻ പൗരത്വം ലഭിച്ചിട്ടുള്ളത്.

1
Back to top button