മഹാരാഷ്ട്രയിൽ ശിവസേനയുമായി യാതൊരു ബന്ധവും വേണ്ടെന്ന് കോൺഗ്രസ്.

സർക്കാരുണ്ടാക്കുന്നതിൽ പുറത്ത് നിന്ന് പിന്തുണക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസിന്റെ തീരുമാനം

മുംബയ്: മഹാരാഷ്ട്രയിൽ ശിവസേനയുമായി യാതൊരു ബന്ധവും വേണ്ടെന്ന് കോൺഗ്രസ്. സർക്കാരുണ്ടാക്കുന്നതിൽ പുറത്ത് നിന്ന് പിന്തുണക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസിന്റെ തീരുമാനം. ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാൻ സാധിക്കില്ല. എൻ.സി.പി പിന്തുണച്ചാലും തീരുമാനം മാറ്റില്ലെന്നും കോൺഗ്രസ് ഹൈക്കമാന്റ് അഭിപ്രായപ്പെട്ടു. നേരത്തെ ശിവസേനയെ പിന്തുണക്കുമെന്ന കാര്യം ആലോചിക്കുമെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു.

അതേസമയം അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് താൻ തന്നെ മുഖ്യമന്ത്രിയാവുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50:50 ഫോർമുലയൊന്നും നടപ്പിലാക്കാൻ സാധിക്കില്ലെന്നും ശിവസേനയ്ക്ക് രണ്ടര വർഷം മുഖ്യമന്ത്രി പദം നൽകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പുനൽകിയിട്ടില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. ശിവസേന എത്ര കടുപിടിത്തം പിടിച്ചാലും മുഖ്യമന്ത്രി സ്ഥാനത്ത് താൻ തന്നെയായിരിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു.

ഭരണം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഫഡ്നാവിസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന രംഗത്തെത്തി. മഹാരാഷ്ട്രയിൽ പിതാവ് ജയലിൽ കിടക്കുന്ന ദുഷ്യന്ത് ചൗട്ടാല ഇല്ലെന്ന് ശിവസേന ഓർമ്മിച്ചു. ഹരിയാനയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചത് ഓർമ്മപ്പെടുത്തിയായിരുന്നു ശിവസേനയുടെ മറുപടി. അമിത് ഷായും ഉദ്ധവ് താക്കറെയും തമ്മിൽ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ഒരു ഉടമ്പടിയുണ്ട്. അത് നടപ്പാക്കണം. ഞങ്ങൾക്ക് 50:50 ഫോർമുലയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും ശിവസേന പറഞ്ഞു.

Back to top button