മാവേലിക്കര എഫ്.സി.ഐ ഗോഡൗണിന് സമീപത്തുനിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

അസഹ്യമായി ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കക്കൂസ് മാലിന്യം റോഡിന് സമീപത്ത് തള്ളിയിരിക്കുന്നതായി ശ്രദ്ധയിൽപെട്ടത്

ആലപ്പുഴ: മാവേലിക്കര എഫ്.സി.ഐ ഗോഡൗണിന് സമീപത്തുനിന്ന് കൊമ്പശേരിൽ മുക്കിലേക്കുള്ള റോഡിൽ കക്കൂസ് മാലിന്യം വൻതോതിൽ തള്ളുന്നതായി പരാതി. റയിൽവേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള റയിൽവേ ഗൈറ്റ് അടച്ചതോടെ ഉമ്പർനാട്, ഗവണ്മെന്റ് ഐ.ടി.ഐ, അഞ്ചാഞ്ഞലിമൂട് എന്നീ ഭാഗങ്ങളിലുള്ളവർ മാവേലിക്കര, കല്ലുമല എന്നിവിടങ്ങളിലേക്ക് എത്താനായി ഉപയോഗിക്കുന്ന റോഡിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്.

അസഹ്യമായി ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് യാത്രികർ പരിശോധന നടത്തിയപ്പോഴാണ് കക്കൂസ് മാലിന്യം റോഡിന് സമീപത്ത് തള്ളിയിരിക്കുന്നതായി ശ്രദ്ധയിൽപെട്ടത്. രാത്രികാലങ്ങളിൽ ദിവസേന എട്ടിലധികം ലോഡ് കക്കൂസ് മാലിന്യമാണ് ഇവിടെകൊണ്ട് തള്ളുന്നതെന്ന് പ്രദേശവാസികളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.

സംഭവം മുനിസിപ്പാലിറ്റിയുടേയും ജനപ്രതിനിധികളുടേയും ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

advt
Back to top button