മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം; തിരിച്ചടി നൽകാൻ മാവോയിസ്റ്റുകൾ തയ്യാറെടുക്കുന്നതായി സൂചന

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലും കനത്ത ജാഗ്രത

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലും കനത്ത ജാഗ്രത. കരുളായിക്കും വൈത്തിരിക്കും പിന്നാലെ അട്ടപ്പാടിയിലും നാല് പേർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ശക്തമായ തിരിച്ചടി നൽകാൻ മാവോയിസ്റ്റുകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. ഇതിനിടെ വൈത്തിരി മേഖലയിൽ നിന്ന് ആയുധമേന്തിയ രണ്ട് പേരെ കണ്ടെത്തിയതിനെതുടർന്ന് പോലീസും തണ്ടർബോൾട്ടും പ്രദേശത്ത് തെരച്ചിൽ നടത്തി.

കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് വയനാട് ജില്ലാ കവാടത്തിന് സമീപത്ത് വച്ച് രണ്ട് പേരെ മുഖം മറച്ചനിലയിൽ കണ്ടെത്തിയത്. ഇതിൽ ഒരാളുടെ കൈവശം തോക്കുമുണ്ടായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെതുടർന്ന് പോലീസും തണ്ടർബോൾട്ടും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

അട്ടപ്പാടി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് മാവോയിസ്റ്റ് സാന്നിധ്യമുളള വയനാട് ജില്ല. മാവോയിസ്റ്റുകൾ തിരിച്ചടിക്കാനുളള സാധ്യതകൾ ഏറെയുളളതിനാൽ പോലീസിനും വനംവകുപ്പിനും മറ്റ് സർക്കാർ ഓഫീസുകൾക്കും ജില്ല പോലീസ് മേധാവി ജാഗ്രതാ നിർദേശം നൽകി.

വനമേഖലയോട് ചേർന്ന് പ്രവർത്തുന്ന സർക്കാർ ഓഫീസ് ജീവനക്കാരോട് ജാഗ്രതപാലിക്കാൻ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുളള തിരുനെല്ലി,പുൽപ്പളളി,തലപ്പുഴ,മേപ്പാടി,വെളളമുണ്ട പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ തണ്ടർബോൾട്ട് കമാൻഡോകളെയും നിയോഗിച്ചു. കഴിഞ്ഞയാഴ്ചയും മാവോയിസ്റ്റുകൾ ജനവാസകേന്ദ്രത്തിലെത്തി ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button