മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.  തിങ്കളാഴ്ച കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച ഓര്‍ഡിനന്‍സിന് വൈകിട്ട് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മെഡിക്കല്‍ പ്രവേശനം ഇനി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.

സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശനം, ഫീസ്, പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുമുള്ള സംവരണം, എന്നിവ നിയന്ത്രിക്കുന്നതിനാണ് കേരള മെഡിക്കല്‍ എജുക്കേഷന്‍ (റഗുലേഷന്‍ ആന്‍റ് കണ്‍ട്രോള്‍ ഓഫ് അഡ്മിഷന്‍ ടു പ്രൈവറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കിയത്.

സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി ചെയര്‍മാനായി അഡ്മിഷന്‍ ആന്‍റ് ഫീ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. കമ്മിറ്റിയില്‍ സര്‍ക്കാരിന്‍റെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രതിനിധികള്‍ ഉണ്ടായിരിക്കും. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫീസ് നിശ്ചയിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. സ്വകാര്യ മാനേജ്മെന്‍റുകളുമായി ഇതുസംബന്ധിച്ച് കരാറില്‍ ഏര്‍പ്പെടാനും നിയമം അധികാരം നല്‍കുന്നു.

ഫീസ് നിശ്ചയിച്ചാല്‍ വിദ്യാര്‍ഥിയുടെ കോഴ്സ് കഴിയുംവരെ അത് ബാധകമായിരിക്കും. ഒരു അക്കാദമിക് വര്‍ഷം ആ വര്‍ഷത്തേക്കുള്ള ഫീ മാത്രമേ ഈടാക്കാന്‍ പാടുള്ളു.  കൂടുതല്‍ ഈടാക്കുന്നത് കാപ്പിറ്റേഷന്‍ ഫീ വാങ്ങുന്നതായി കണക്കാക്കി നടപടിയെടുക്കും. പ്രവേശനം, ഫീ എന്നീ കാര്യങ്ങളില്‍ പരാതിയുണ്ടായാല്‍ അന്വേഷണം നടത്തുന്നതിന് കമ്മിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരം നല്‍കിയിട്ടുണ്ട്.

നിയമം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥാപനത്തിന് പത്തു ലക്ഷം രൂപവരെ പിഴ ചുമത്താം.  പ്രവേശനം അസാധുവാക്കുകയും ചെയ്യാം. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ വാങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരിച്ചുകൊടുക്കാന്‍ കമ്മിറ്റിക്ക് ഉത്തരവിടാം.

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകള്‍ക്ക് നീറ്റ് റാങ്ക് പട്ടികയില്‍ നിന്നായിരിക്കും പ്രവേശനം.  മറ്റു മെഡിക്കല്‍-പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന  പരീക്ഷയായിരിക്കും ബാധകം.  ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങളിലും പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംവരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ദാരിദ്ര്യ രേഖയ്ക്ക് താഴെവരുന്ന ചുരുങ്ങിയത് 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക്  ഫീസ് സബ്സിഡി മനേജ്മെന്‍റ് നല്‍കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സീറ്റിലെ ഫീസിന് തുല്യമായ  ഫീസിന് വിദ്യാര്‍ഥിക്ക്  പഠിക്കാന്‍ കഴിയും വിധം സബ്സിഡി നല്‍കണമെന്ന് നിയമം നിര്‍ദേശിക്കുന്നു.

1
Back to top button