മോദിയുടെ ഒാഫിസിനു മുമ്പിൽ തമിഴ്നാട്ടിലെ കർഷകർ തുണിയുരിഞ്ഞു പ്രതിഷേധിച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒാഫിസിനു മുമ്പിൽ തമിഴ്നാട്ടിലെ കർഷകർ തുണിയുരിഞ്ഞു പ്രതിഷേധിച്ചു. മാസത്തോളമായി ഡൽഹിയിൽ സമരം നടത്തിവരുന്നവർ പ്രധാനമന്ത്രിയെ കാണാൻ അവസരം നിേഷധിച്ചതിൽ പ്രതിഷേധിച്ചാണ് ഭരണസിരാകേന്ദ്രമായ റെയ്സിന ഹിൽസിൽ അസാധാരണ സമരമുറ പുറത്തെടുത്തത്.

ഡൽഹിയിൽ വിരുന്നെത്തിയ ആസ്ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം മോദി അക്ഷർധാം ക്ഷേത്രസന്ദർശനവും മറ്റും നടത്തുന്നതിനിടയിലാണ് കടുത്ത ജീവിത പ്രതിസന്ധി നേരിടുന്ന കർഷകർ ദുരിതം വിളിച്ചു പറയാൻ വേറിട്ട സമരമാർഗം സ്വീകരിച്ചത്.  തമിഴ്നാട്ടിലെ തഞ്ചാവൂർ, തിരുച്ചിറപ്പള്ളി ഭാഗങ്ങളിൽനിന്നുള്ള കർഷകർ മാർച്ച് 14 മുതൽ ഡൽഹിയിലെ ജന്തർമന്തറിൽ ചിട്ടയായ സമരം നടത്തിവരുന്നുണ്ട്. ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടി കഴുത്തിൽ തൂക്കി ദിവസങ്ങൾ  പ്രതിഷേധിച്ച അവർ, ചത്ത എലിയേയും പാമ്പിനേയുമൊക്കെ വായിൽ തിരുകിയും തല മൊട്ടയടിച്ചുമൊക്കെ രോഷവും സങ്കടവും പല രീതിയിൽ പ്രകടമാക്കുന്നുണ്ട്. കാർഷിക മേഖലയെ സൂചിപ്പിക്കുന്ന പച്ചതുണി തലയിൽ ചുറ്റി ഷർട്ടു പോലുമില്ലാതെ അർധനഗ്നരായി മുഴുസമയവും സമരവേദിയിൽ നിൽക്കുന്നവരുടെ പ്രതിഷേധം ആത്മഹത്യശ്രമമായും വളർന്നു.

വെള്ളം കിട്ടാതെയും കാലാവസ്ഥ മോശമായതു വഴിയും കൃഷിനശിച്ച കർഷകരിൽ 144 പേർ ഒക്ടോബറിനും ഡിസംബറിനുമിടയിൽ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. തമിഴ്നാടിന് 40,000 കോടിയുടെ കാർഷിക സഹായമാണ് സമരക്കാർ ആവശ്യപ്പെടുന്നത്.  ഏക്കറൊന്നിന് 25,000 രൂപയുടെ സഹായം ആവശ്യപ്പെടുേമ്പാൾ, സർക്കാർ ഇതിനകം കുറേപ്പേർക്ക് 5465 രൂപ എന്ന കണക്കിൽ സഹായം നൽകിയത് കർഷകരുടെ രോഷം വർധിപ്പിക്കുകയാണ് ചെയ്തത്.  യു.പിയിൽ ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളുേമ്പാൾ തന്നെയാണ് തമിഴ്നാട്ടിലെ കർഷകരുടെ ഡൽഹി പ്രതിഷേധം ഫലം കാണാതെ തുടരുന്നത്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവർ പലവട്ടം ശ്രമിച്ചിരുന്നു. തിങ്കളാഴ്ച മോദിയെ കാണാൻ അവസരം കിട്ടുമെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്ന് ഏഴംഗ പ്രതിനിധി സംഘം അർധനഗ്നരായിത്തന്നെ രാഷ്ട്രപതി ഭവനു മുന്നിലെ സൗത്ത് േബ്ലാക്കിൽ പ്രധാനമന്ത്രി കാര്യാലയത്തിലെത്തി. എന്നാൽ, കൂടിക്കാഴ്ച നടന്നില്ല. നിവേദനം ഒാഫിസിൽ ഏൽപിക്കാനായിരുന്നു നിർദേശം. പൊലീസ് വണ്ടിയിൽ തിരിച്ചു കൊണ്ടുപോകുേമ്പാൾ, രോഷം സഹിക്കാതെ അതിലൊരാൾ വാഹനത്തിൽനിന്ന് ചാടി. കൂട്ടത്തിൽ മറ്റുള്ളവരും വണ്ടിയിൽനിന്ന് ഇറങ്ങി. അവരിൽ മൂന്നു പേർ തുണിയുരിഞ്ഞ് നടുറോഡിൽ കിടന്നുരുണ്ടു. മിനിട്ടുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ നിവേദക സംഘാംഗങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

1
Back to top button