മൊട്ടയടിച്ച് സോനു നിഗം; പത്ത് ലക്ഷം രൂപ വാങ്ങാൻ തയ്യാറെന്ന്

മുംബൈ: മതനേതാവിൻറെ വെല്ലുവിളി സ്വീകരിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം. സ്വന്തം തല മൊട്ടയടിച്ചാണ് സോനു തനിക്കെതിരായ ഭീഷണിയെ നേരിട്ടത്. സോനു നിഗത്തിൻെറ തല മൊട്ടയടിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളിൽ നിന്നുള്ള മുസ്ലിം നേതാവ് രംഗത്തെത്തിയിരുന്നു. മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ സോനു നിഗം ട്വീറ്റ് ചെയ്തതാണ് മതനേതാവിനെ പ്രകോപിപ്പിച്ചത്.

ഇതിനോട് പ്രതികരിക്കവെ താൻ തന്നെ മൊട്ടയടിപ്പിക്കാമെന്നും പണം തയ്യാറാക്കിവെക്കാനും ആവശ്യപ്പെട്ട് സോനു നിഗം ട്വിറ്ററിലൂടെ മതനേതാവിന് മറുപടിയും കൊടുത്തു. ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കി. തുടർന്ന് നിശ്സചിത സമയത്ത് തന്നെ സോനു നിഗം തല മൊട്ടയടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി. മുസ്ലിം ബാർബറാണ് സോനുവിൻെറ മുടിമുറിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് സോനു നിഗം മാധ്യമങ്ങളോട് വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗൺസിലെ മുതിർന്ന അംഗമാണ് സോനുവിനെതിരെ രംഗത്തു വന്നത്. സോനുവിനെ മൊട്ടയടിച്ച് ഷൂ മാല കഴുത്തിൽ തൂക്കി രാജ്യം മുഴുവൻ ചുറ്റിയടിപ്പിക്കുന്നവർക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം.

1
Back to top button